Headlines

‘അട്ടിമറി’ സർവീസ്: രണ്ടാം കെഎഎസ്; അഭിമുഖസംഘത്തെ നിയോഗിച്ചതിൽ ക്രമക്കേട്

തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രണ്ടാം ബാച്ചിലേക്കുള്ള പിഎസ്‌സി അഭിമുഖസംഘത്തെ നിയോഗിച്ചതിലും ക്രമക്കേട്. വേണ്ടപ്പെട്ടവരെയും യോഗ്യത കുറഞ്ഞവരെയുമാണ് 3 അഭിമുഖ സംഘങ്ങളിൽ ഉൾപ്പെടുത്തിയത്. പിഎസ്‌സി അംഗങ്ങൾക്കിടയിൽത്തന്നെ ഇതിൽ കടുത്ത എതിർപ്പുണ്ടായെങ്കിലും ചെയർമാൻ അതെല്ലാം അവഗണിച്ചെന്നാണു വിവരം.

ഒരു അഭിമുഖത്തിനു മുന്നോടിയായി ഉദ്യോഗാർഥികളുടെ പരീക്ഷയിലെ മാർക്ക് ചട്ടവിരുദ്ധമായി മുൻകൂട്ടി അറിയാൻ ശ്രമം നടന്നതായി ആരോപണമുയർന്നിരുന്നു. അഭിമുഖത്തിനിടെ ചില ഉദ്യോഗാർഥികൾക്കു മാർക്ക് കൂട്ടിനൽകാൻ‍ ആവശ്യപ്പെട്ടതിനെത്തുടർന്ന്, സർക്കാർ പ്രതിനിധിയായെത്തിയ ഉന്നത ഉദ്യോഗസ്ഥ എതിർപ്പ് അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതായും ആരോപണം ഉയർന്നിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് രണ്ടാം കെഎഎസ് പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അഭിമുഖപാനലിൽ അക്കാദമികതലത്തിൽ ഉന്നതയോഗ്യതയുള്ളവരുണ്ടെന്ന് കാണിക്കാൻ പേരിനു മുന്നിൽ ഡോക്ടറേറ്റ് ഉള്ളവരെ നിയോഗിച്ചു. സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടുകയും പിന്നീട് ഇതിന്റെ പേരിൽ വിവാദത്തിലാകുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവും സംഘത്തിലുണ്ടായിരുന്നു. 3 അഭിമുഖ ബോർഡുകളിൽ ഒന്നിന്റെ ചെയർമാൻ മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ആയിരുന്ന പിഎസ്‍സി അംഗമായിരുന്നു. ഇൗ സംഘം നടത്തിയ അഭിമുഖത്തിലാണ് മാർക്കിനെച്ചൊല്ലി തർക്കമുണ്ടായത്.

പിഎസ്‌സി അംഗങ്ങളിൽ എംടെക്കും എൽഎൽബിയും ഉള്ള വി.ആർ.രമ്യ, അഭിഭാഷകരായിരിക്കെ കമ്മിഷനിൽ എത്തിയ ബോസ് അഗസ്റ്റിൻ, എച്ച്.ജോഷ്, സി.ജയചന്ദ്രൻ, വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ച കെ.ടി.ബാലഭാസ്കരൻ എന്നിവരെ ഒരു ബോർഡിലും ഉൾപ്പെടുത്തിയിരുന്നില്ല.