സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ കൂടുതൽ ഇടിയുന്നു. രാജ്യാന്തരവില ഔൺസിന് 27 ഡോളർ താഴ്ന്ന് 4583 ഡോളറിൽ എത്തി. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞ് വില 14,650 രൂപയായി. പവന് 600 രൂപ കുറഞ്ഞ് 1,17,200 രൂപ. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 3040 രൂപയും ഗ്രാമിന് 380 രൂപയും കുറഞ്ഞു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ഓടെ നടത്തുന്ന ജാക്സൺ ഹോൾ സിംപോസിയം (Jackson Hole symposium) വാർഷിക പ്രഭാഷണം സംബന്ധിച്ച ആശങ്കയാണ് സ്വർണവിലയെ വീഴ്ത്തുന്നത്. യുഎസിൽ കഴിഞ്ഞമാസം പണപ്പെരുപ്പം വർധിച്ചതിനാലും ക്രൂഡോയിൽ വില ഉയർന്നുനിൽക്കുന്നതിനാലും ഫെഡറൽ റിസർവിന്റെ അടുത്ത പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
സെപ്റ്റംബർ 16-17 തീയതികളിലായാണ് യോഗം. 17ന് പണനയം പ്രഖ്യാപിക്കും. പണപ്പെരുപ്പം, പലിശനിരക്ക് എന്നിവയുടെ ദിശ എങ്ങോട്ടാണെന്ന സൂചന കെവിന്റെ ഇന്നത്തെ പ്രഭാഷണത്തിൽ നിന്നുതന്നെ കിട്ടും. പലിശ കൂട്ടുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നതെങ്കിൽ ഡോളർ കരുത്തുനേടും. സ്വർണവില ഇടിയും. ഇതിനുള്ള സാധ്യതകൾ സ്വർണത്തിൽ സൃഷ്ടിക്കുമെന്ന ലാഭമെടുപ്പ് സമ്മർദമാണ് ഇപ്പോൾ വിലയെ താഴേക്ക് നയിക്കുന്നത്.
പലിശയുടെ ദിശ മേലോട്ടാണെങ്കിൽ സ്വർണവില വൈകാതെ 4400 ഡോളറിന് താഴെയെത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ വില ഇനിയും വൻതോതിൽ ഇടിയും. അതേസമയം, നരേന്ദ്ര മോദി സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ മേയിലാണ് തീരുവ 6 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 15 ശതമാനമായി കൂട്ടിയത്. ഇതുതിരികെ 6 ശതമാനമാക്കിയാൽ പവന് 10,000 രൂപയോളം ഒറ്റയടിക്ക് വിലയിടിയും.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയായി. 18 കാരറ്റ് സ്വർണം പവനു വില 96,320 രൂപയാണ്. 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 9375 രൂപ; പവന് 75,000 രൂപ. 9 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 6045 രൂപയായി. പവൻവില 48,360 രൂപ. വെള്ളി വിലയും കുറഞ്ഞു; ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപ.









