ആലപ്പുഴ∙ സുകുമാരക്കുറുപ്പിനെ കണ്ടെത്തണമെന്ന് ചാക്കോയുടെ മകൻ ജിതിൻ. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984 ജനുവരി 22ന് ഫിലിം റപ്രസന്റേറ്റീവ് ആലപ്പുഴ തത്തംപള്ളി കുട്ടിച്ചിറ ആലപ്പാട്ടു വീട്ടിൽ ചാക്കോയെ കാറിനുള്ളിൽ തീയിട്ടു കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയാണ് മുഖ്യപ്രതി സുകുമാരക്കുറുപ്പ്. കുറുപ്പിനെ പിടികൂടണമെന്നത് കുടുംബത്തിന്റെ ഒരുപാട് നാളത്തെ ആവശ്യമാണെന്ന് ജിതിൻ പറഞ്ഞു.
അയാളെ പിടിക്കുമെന്ന പ്രതീക്ഷയുണ്ട്. നല്ല ഉദ്യോഗസ്ഥരും കുറുപ്പിനെ സഹായിച്ചവരും ഉണ്ടാകാം. സഹായം ലഭിക്കാതെ ഇത്രയും നാൾ ഒളിവിൽ കഴിയാൻ സാധിക്കില്ല. അച്ഛനെ കൊന്നവരെ കണ്ടെത്തിയത് നല്ല ഉദ്യോഗസ്ഥരാണ്. അവരെ മറക്കുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിതിൻ പറഞ്ഞു.
സുകുമാരക്കുറുപ്പിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ചാക്കോയുടെ ഭാര്യ ശാന്തമ്മ പറഞ്ഞു. കടുത്ത ശിക്ഷ നൽകണം. 42 വർഷമായില്ലേ? അയാളെ പിടിച്ചില്ലല്ലോ? ആ വിഷമം ഞങ്ങൾക്കെല്ലാമുണ്ട്. ഇപ്പോൾ ജീവിച്ചിരിക്കുന്നതായി കേട്ടപ്പോൾ വീണ്ടും ടെൻഷനായി. പിടികിട്ടുമോ ഇല്ലയോ എന്ന ആശങ്ക. കൊലയാളിയെ നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. സർക്കാരും നിയമസംവിധാനങ്ങളും അയാളെ കൈകാര്യം ചെയ്യണമെന്നും ശാന്തമ്മ പറഞ്ഞു.
കൊലപാതകത്തിനുശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്കു കടന്നെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഗൾഫ് രാജ്യങ്ങൾ, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല.
42 വർഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മുൻപ് അംഗമായിരുന്ന പൊലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്‌യിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്‌ബർ മാധ്യമങ്ങളോട് പറയുകയായിരുന്നു.








