വാളയാർ ∙ കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത ഭൂമിക്കു സമീപത്തെ ജനവാസമേഖലയിലിറങ്ങിയ പുലി, കാളയെ കൊന്നുതിന്ന നിലയിൽ. കുരുടിക്കാട് നരകംപുള്ളി ചേമ്പൊറ്റയിലാണു പ്രദേശവാസികളെ മുഴുവൻ ഭീതിയിലാക്കിയ സംഭവം. കൊളയക്കോട് സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ഒന്നരവയസ്സുള്ള കാളയെയാണു പുലി പിടികൂടി ഭക്ഷിച്ചത്. കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമിക്കു സമീപം പുൽക്കാട്ടിൽ മേയാൻവിട്ട കാളയെ തിങ്കളാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു.
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രിയോടെ പകുതിയിലേറെ ഭക്ഷിച്ച നിലയിൽ കാളയുടെ ജഡം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തി. വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഉടൻ പരിശോധന നടത്തി. കാളയെ 50 മീറ്ററോളം പുൽക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും കണ്ടെത്തി. തുടർ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്താനായില്ലെങ്കിലും കാളയെ പിടികൂടിയ രീതിയും ഭക്ഷിച്ച രീതിയും പുലിയുടേതാണെന്നു സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയോടെ സീനിയർ സെക്‌ഷൻ ഫോറസ്റ്റർ കെ.കെ.മരുതിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം വീണ്ടും സ്ഥലത്തു പരിശോധന നടത്തി. ബുധനാഴ്ച രാത്രി പുലി വീണ്ടുമെത്തി കൂടുതൽ ഭാഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പ്രദേശത്ത് കൂടും ക്യാമറയും ഉടൻ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞമാസം വാളയാർ ആറ്റുപ്പതിയിൽ 2 ആടുകളെ പുലി കടിച്ചുകൊന്നിരുന്നു. 3 മാസം മുൻപു കഞ്ചിക്കോട് പയറ്റുകാട് ജനവാസ മേഖലയിലിറങ്ങിയ പുലി വീടിനു മുന്നിലെ തൊഴുത്തിൽ കെട്ടിയ കന്നുകാലികളെയും, വളർത്തുനായ്ക്കളെയും കൊന്നിരുന്നു.
സ്ഥിരമായി കാട്ടാനശല്യം രൂക്ഷമായ പുതുശ്ശേരിയിൽ പുലിയുടെ തുടർച്ചയായ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കുകയാണ്. പുതുശ്ശേരി പഞ്ചായത്തിലെ വേനോലി മുതൽ വാളയാർ നടുപ്പതി വരെയുള്ള മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഏക്കർ കണക്കിനു കൃഷിയാണ് കാട്ടാനക്കൂട്ടവും ഒറ്റയാനും നശിപ്പിച്ചിട്ടുള്ളത്.






