Headlines

സുകുമാരക്കുറുപ്പ് വിദേശത്ത്? ബ്രൂണയ്‌യിലെന്ന് വാദം, ചിത്രം പുറത്ത്

തിരുവനന്തപുരം∙ കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ താമസിക്കുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥൻ അലി അക്ബറാണ് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള ആളെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. കുറുപ്പിനോട് സാമ്യമുള്ള ആളിന്റെ ഫോട്ടോയും പുറത്തുവിട്ടു. എന്നാൽ അവകാശവാദങ്ങൾ പൊലീസ് തള്ളി. കുറുപ്പ് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
‘കുറുപ്പ് താമസിക്കുന്ന വീടിനെക്കുറിച്ചും പോകുന്ന ഹോട്ടലിനെക്കുറിച്ചും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. 2023ൽ എടുത്ത ഫോട്ടോയും ലഭിച്ചു. അന്വേഷണ ഏജൻസികൾക്ക് സഹായകരമായ വിവരങ്ങളാണ് ഞാൻ പങ്കുവച്ചത്. അത് സത്യമാണെന്നാണ് വിശ്വാസം’–അലി അക്ബർ മനോരമ ന്യൂസിനോട് പറഞ്ഞു. സുകുമാരക്കുറുപ്പ് നാട്ടിലുള്ള ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അതിന്റെ തെളിവുകൾ അധികൃതർക്ക് നൽകിയതായും അലി അക്ബർ അവകാശപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം കാരണമാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നും അലി അക്ബർ പറയുന്നു.

എന്നാൽ, അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നാണ് പൊലീസ് നിലപാട്. തെളിയാതെ കിടക്കുന്ന നിരവധി കേസുകളുടെ കൂട്ടത്തിലാണ് സുകുമാരക്കുറുപ്പിന്റെ കേസും വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്നതിന്റെ സൂചനകൾ ലഭിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അതേക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു.

തെളിയാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് മൂന്നു മാസം മുൻപാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെന്ന് അവകാശപ്പെട്ട ജാര്‍ഖണ്ഡില്‍ നഴ്സായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. 1988ൽ രത്നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്നു കുറുപ്പെന്നാണ് മൊഴി. ആ സമയം ഏകദേശം 40 വയസായിരുന്നു കുറുപ്പിനുണ്ടായിരുന്നത്. ഹൃദ്രോഗിയായ കുറുപ്പ് ഇപ്പോൾ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

കുറുപ്പിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ളവർക്കും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ഇൻഷുറന്‍സ് തുക തട്ടിയെടുക്കാനായി 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് ചാക്കോ എന്ന യുവാവിനെ കുറുപ്പും ബന്ധുവും ശ്വാസംമുട്ടിച്ചു കൊന്ന് കാറിലിട്ട് കത്തിച്ചത്.