ന്യൂഡൽഹി∙ ബംഗാൾ ഉൾക്കടലിൽ പാനമ പതാകയുള്ള ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്നു രക്ഷപ്പെടുത്തിയ രണ്ട് ചൈനീസ് ജീവനക്കാരെ ഒഡീഷയിലെ പരദീപിൽ സുരക്ഷിതമായി എത്തിച്ചു. തിരച്ചിൽ–രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കോസ്റ്റ് ഗാർഡ് കപ്പലായ വരദ് ആണ് ഇവരെ വ്യാഴാഴ്ച പരദീപിലെത്തിച്ചത്. എംവി ഓഷ്യൻ വിന്നർ എന്ന വാണിജ്യ കപ്പലാണ് ഓഗസ്റ്റ് 22 ന് പരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയുള്ള കടലിൽ മുങ്ങിയത്. 24 ജീവനക്കാരുമായി സിംഗപ്പുരിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്നവരിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്നു പേർ മ്യാൻമർ സ്വദേശികളും ഒരാൾ ബംഗ്ലദേശ് പൗരനുമാണ്.
അപകടത്തിനു പിന്നാലെ ശ്രീവിജയപുരത്തെ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്റർ, സമീപത്തുണ്ടായിരുന്ന വാണിജ്യ കപ്പലായ എംടി ഐസോപോസിനെ തിരച്ചിലിനും സഹായത്തിനുമായി വഴിതിരിച്ചുവിട്ടിരുന്നു. കപ്പലിനെയോ ലൈഫ് റാഫ്റ്റുകളെയോ കണ്ടെത്തി സഹായം നൽകാനായിരുന്നു നിർദേശം. അതേ രാത്രി തന്നെ ലൈഫ് റാഫ്റ്റിൽനിന്നാണ് രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. പാൻ ടോങ്‌ലൈ, ചെൻ ജിയാൻഹെ എന്നീ ചൈനീസ് പൗരന്മാരെയാണ് രക്ഷപ്പെടുത്തിയതെന്ന് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. ഓഗസ്റ്റ് 22 ന് ലൈഫ് റാഫ്റ്റിൽനിന്നു രക്ഷപ്പെടുത്തിയ ഇവർക്കു യാത്രയ്ക്കിടെ കോസ്റ്റ് ഗാർഡ് കപ്പലിൽ തന്നെ വൈദ്യസഹായം നൽകി. പരദീപിലെത്തിച്ചശേഷം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇരുവരെയും ബന്ധപ്പെട്ട കമ്പനി പ്രതിനിധികൾക്കു കൈമാറിയതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
അതേസമയം, കാണാതായ മറ്റു ജീവനക്കാരെ കണ്ടെത്തുന്നതിനായി കടൽമാർഗവും വ്യോമമാർഗവും ഏകോപിത തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ സംവിധാനങ്ങളുമായും ശ്രീവിജയപുരത്തെ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്റർ തുടർച്ചയായി ഏകോപനം നടത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബെയ്ജിങ്ങിലെ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്ററുമായി ചേർന്നു കൂടുതൽ ശക്തമാക്കിയതായും കോസ്റ്റ് ഗാർഡ് നേരത്തെ അറിയിച്ചിരുന്നു. തിരച്ചിൽ വ്യാപിപ്പിക്കുന്നതിനായി കോസ്റ്റ് ഗാർഡിന്റെ അധിക സംവിധാനങ്ങളെയും പ്രദേശത്തുള്ള മറ്റു കപ്പലുകളെയും വിന്യസിച്ചിട്ടുണ്ട്.
എംവി ഓഷ്യൻ വിന്നറിന്റെ അവസാനത്തെ തുറമുഖം പരദീപ് ആയിരുന്നു. സിംഗപ്പുരിലേക്കായിരുന്നു കപ്പലിന്റെ അടുത്ത യാത്ര. ഒഡിഷയിൽനിന്ന് ഇരുമ്പയിര് കയറ്റിയായിരുന്നു കപ്പൽ പുറപ്പെട്ടത്. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.








