Headlines

സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് പാകിസ്താൻ; ഹോർമുസിൽ ഫീസ് ഈടാക്കാൻ ഇറാൻ

ഇറാൻ – അമേരിക്ക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് പാകിസ്താൻ. ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇന്ന് ഇറാനിലെത്തും. ഇറാൻ നേതാക്കളുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൻ്റെ വിശദാംശങ്ങൾ യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്ന് വിശദീകരിക്കാനിരിക്കെയാണ് നീക്കം. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.

സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ കൂട്ടായ്മയിൽ ചേരാൻ ഇറാന് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ പാർലമെൻ്റിൻ്റെ വാർത്താ ഏജൻസി മേധാവി മെഹ്ദി റാഹിമിയാണ് ഇറാന് ഉടമ്പടിയിൽ ചേരാൻ ക്ഷണം ലഭിച്ചതായി വ്യക്തമാക്കിയത്. ക്ഷണം പരിഗണനയിലാണെന്നും മെഹ്ദി റാസിവി പറയുന്നു. സൗദിയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ മൂർച്ഛിച്ചിരിക്കെയാണ് അപ്രതീക്ഷിത നീക്കം.

അതിനിടെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾ ഫീസ് നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് നിയമം ഇറാൻ പാർലമെന്ററി കമ്മീഷൻ അംഗീകരിച്ചു. ഹോർമുസിൽ ഇറാൻ്റെ ഗതാഗത ക്രമീകരണം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഇറാനിയൻ പേർഷ്യൻ ഗൾഫ് കടലിടുക്ക് അതോറിറ്റിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ ഏതെങ്കിലും രാജ്യം പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഇറാൻ ഒരു യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി പറഞ്ഞു.