Headlines

വിവാഹം സമ്മതമില്ലാതെ നടത്തി, മാനസിക വിഷമം; ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കൂട്ടുകാരികൾ, ഒരാൾ മരിച്ചു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് രണ്ട് സുഹൃത്തുക്കൾ. ഒന്നിച്ച് വളരുകയും ഒരേ സ്കൂളിൽ പഠിക്കുകയും ചെയ്ത കൂട്ടുകാരികൾ വിഷം കഴിച്ചതിനെത്തുടർന്ന് 18 കാരിയായ കവിത ചികിത്സയിലിരിക്കെ മരണപ്പെട്ടു. 19 കാരിയായ സാധന ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ പരസ്പരം ചർച്ച ചെയ്തതിനു പിന്നാലെ ഇരുവരും മാരക വിഷഗുളികകൾ വാങ്ങി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ധാന്യങ്ങൾ കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന, അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ അതീവ മാരകമായ വിഷമാണ് കഴിച്ചത്. ഗുളിക കഴിച്ചതിനു പിന്നാലെ ഇരുവരുടെയും ആരോഗ്യനില വിഷളായി. സാധനയുടെ മാതാപിതാക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നില അതീവ ഗുരുതരമായതിനെത്തുടർന്ന് കവിതയെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി മരിക്കുകയായിരുന്നു. സാധനയുടെ നില നിലവിൽ തൃപ്തികരമാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്. സാധനയുടെ വിവാഹം രണ്ട് മാസം മുൻപ് അവളുടെ സമ്മതമില്ലാതെ വീട്ടുകാർ നടത്തി. ഭർത്താവിനെ ഇഷ്ടപ്പെടാതിരുന്ന സാധന കഴിഞ്ഞ ഒരു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. കവിതയാകട്ടെ, താൻ സ്നേഹിച്ച വ്യക്തിയുമായി വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു.

കവിത രണ്ട് ഗുളികകളും സാധന ഒരു ഗുളികയുമാണ് കഴിച്ചത്. സംഭവത്തിൽ മജിസ്‌ട്രേറ്റിനു മുന്നിൽ സാധനയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കവിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.