തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ബിആര്‍എസില്‍ നിന്ന് രാജിവച്ചു. തങ്ങളുടെ ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കെ കവിതയെ പിതാവ് ചന്ദ്രശേഖര്‍ റാവു തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കവിത രാജിക്കത്ത് നല്‍കിയത്. എംഎല്‍സി സ്ഥാനവും രാജിവച്ചു
ചന്ദ്രശേഖര്‍ റാവുവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് പറഞ്ഞുകൊണ്ടാണ് കവിത ഇന്ന് തന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എന്നിരിക്കിലും താന്‍ തന്റെ പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന ചില ഗൂഢാലോചനകള്‍ക്ക് ഇരയായി. കെസിആര്‍ തെലങ്കാനയിലെ ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനായി യത്‌നിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചേര്‍ന്ന് ഹരീഷ് റാവു ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് കവിതയുടെ ആരോപണം. ഡല്‍ഹി യാത്രയാണ് ഗൂഢാലോചനകളുടെ വിത്തിട്ടത്. കാലേശ്വരം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഹരീഷ് റാവുവിനും പങ്കുണ്ടെന്നും എംഎല്‍എമാരെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഈ പണം ഉപയോഗിച്ചെന്നും കവിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ എന്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയണമെന്ന് കെ കവിത ആവശ്യപ്പെട്ടു. പിന്നോക്ക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണ്. താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന തരത്തിലേക്ക് ചര്‍ച്ച കൊണ്ടുവരാന്‍ ശ്രമമുണ്ടായി. പലരുമായും പലസമയത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത ഹരീഷ് റാവു പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറല്ല, ഡബിള്‍ ഷൂട്ടറാണെന്നും കവിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.