തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാഷ്ട്രീയ പാർട്ടികൾ ഏറ്റവുമധികം ശ്രദ്ധിച്ചത് സ്ത്രീ വോട്ടർമാരെ ഒപ്പംകൂട്ടാനായിരുന്നു. അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന വാഗ്ദാനങ്ങൾ നൽകാനും അവർ ശ്രമിച്ചു. അധികാരം പിടിച്ചവർ ഒന്നും മറന്നിട്ടില്ല. നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും ശ്രദ്ധനേടിയ രണ്ടെണ്ണമാണ് – ലക്ഷ്മി യോജനയും അന്നഃപൂർണ യോജനയും. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം നിശ്ചിതതുക വീതം നേരിട്ട് നൽകുന്ന പദ്ധതികളാണിത്.
അർഹരായ വനിതകൾക്ക് മാസം 3000 രൂപവീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണ് അന്നഃപൂർണ യോജന. 25നും 60നും ഇടയിൽ പ്രായമുള്ളവരാണ് യോഗ്യർ. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പ്രതിമാസം തുകയെത്തുക. സംസ്ഥാനത്തെ യോഗ്യരായ 1.45 കോടി വനിതകൾക്കായി ബംഗാൾ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പദ്ധതി.
4350 കോടി രൂപയാണ് പദ്ധതിക്കായി ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്. നേരത്തേ പദ്ധതിയിലേക്കായി 1.8 കോടിപ്പേരുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ, അയോഗ്യത കണ്ടെത്തിയതിനെ തുടർന്ന് 35 ലക്ഷം പേരെ ഒഴിവാക്കി. സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് പെൻഷൻ നേടുന്നവർ, ആദായനികുതി ദായകർ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാനാവില്ല.
യോഗ്യരായ സ്ത്രീകൾക്ക് മാസം 2500 രൂപ വീതം ലഭ്യമാക്കുന്നതാണ് ലക്ഷ്മി യോജന. ഓഗസ്റ്റ് 26ന് തുടക്കമാകും. ആയിരം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ ആർഡി/എഫ്ഡി പദ്ധതിയിലും ലഭ്യമാക്കുകയാണ് ഡൽഹി സർക്കാർ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ചെയ്യുക. 21നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളാകണം അപേക്ഷകർ. കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം. 2500 രൂപയും ആർഡി/എഫ്ഡി അക്കൗണ്ടിലേക്ക് മാറ്റാനും അവസരമുണ്ടാകും. ആർഡി/എഫ്ഡി പദ്ധതിക്ക് 3-വർഷ ലോക്ക്-ഇൻ കാലാവധിയുണ്ടാകും. 2029 ജൂലൈ 31ന് ശേഷമേ പണം പിൻവലിക്കാനാകൂ.കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടരലക്ഷം രൂപ കവിയരുത്. ഡൽഹിയിലെ വോട്ടർ ആയിരിക്കണം. മാത്രമല്ല, കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ താമസിക്കുന്നയാളുമാകണം. മൂന്നിലധികം കുട്ടികളുള്ളവർ പദ്ധതിയിൽ ചേരാൻ യോഗ്യരല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് ഒട്ടേറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചെങ്കിലും വ്യവസ്ഥകളിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. സർക്കാരിൽ നിന്ന് മറ്റ് സമാന ആനുകൂല്യങ്ങൾ പറ്റുന്നവർ, ആദായനികുതിയോ ജിഎസ്ടിയോ അടയ്ക്കുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രതിമാസം 2400 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവർ തുടങ്ങിയവരും പദ്ധതിയിൽ ചേരാൻ യോഗ്യരല്ല.അപേക്ഷകരുടെ യോഗ്യതയിന്മേൽ കർശന പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. പദ്ധതിയിൽ ചേർന്ന് ആനുകൂല്യം നേടിയശേഷം അയോഗ്യത കണ്ടെത്തിയാൽ ഇതിനകം വാങ്ങിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിന് പുറമേ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടിയുമുണ്ടാകും. ഗുണഭോക്താവ് മരിച്ചാൽ ആനുകൂല്യം ലഭിക്കുന്നത് നിലയ്ക്കും. അതുവരെ അക്കൗണ്ടിൽ ലഭിച്ച പണം ഏറ്റവും അടുത്ത ബന്ധുവിന് കൈമാറും. ലക്ഷ്മി പദ്ധതിയിലേക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 6 ലക്ഷത്തിലേക്ക് അടുക്കുകയാണ്.









