Headlines

അമേരിക്കൻ തന്ത്രം ഏറ്റില്ലെന്ന് ഫർസാന സാദേഗ്; ഇന്ത്യൻ പദ്ധതി പതിവിലും കൂടുതൽ ഉഷാർ, ‘പ്ലാൻ ബി’യുമായി ഇന്ത്യ

ഇറാനിലെ പാലങ്ങളും റോഡുകളും തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെ തകർക്കാനുള്ള യുഎസിന്റെ ശ്രമങ്ങളൊന്നും ഏശിയില്ലെന്ന് ഇറാൻ ഗതാഗത, നഗരവികസന മന്ത്രി ഫർസാന സാദേഗ്. പാലങ്ങൾ, റോഡ്, തുറമുഖം, വിമാനത്താവളം, വൈദ്യുതി പ്ലാന്റ് എന്നിവ തകർക്കുകയായിരുന്നില്ല, മറിച്ച് ജനങ്ങളെ ഭീതിപ്പെടുത്താനാണ് ‘ശത്രു’ രാത്രിയിൽ ആക്രമണം നടത്തി ഉന്നമിട്ടത്. എന്നാൽ, അതൊന്നും ഫലം കണ്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ചരക്കുനീക്കവും തുറമുഖങ്ങളുടെ പ്രവർത്തനവും എക്കാലത്തെയും റെക്കോർഡ് കൈവരിച്ചു. ദക്ഷിണ മേഖലയിലെ സുപ്രധാനമായ ഇമാം ഖമനയ് തുറമുഖത്തെ കയറ്റിറക്കൽ (ലോഡിങ് ആൻഡ് അൺലോഡിങ്) യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ 100% ഉയർന്നു. ഇന്ത്യയുടെ വൻ നിക്ഷേപമുള്ളതും ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിലുള്ളതുമായ ചബഹാർ തുറമുഖത്തെ പ്രതിദിന ട്രക്ക് നീക്കം ശരാശരി 1000ലും മേലെയാണെന്ന് ഫർസാന സാദേഗ് പറഞ്ഞു.

ചബഹാറിലേക്ക് ചരക്കുമായി നീങ്ങുന്ന ട്രക്ക് ഡ്രൈവർമാരെയും മന്ത്രി പ്രശംസിച്ചു. ദുഷ്കരമായ സാഹചര്യത്തിലും തൊഴിലുമായി മുന്നോട്ടുപോകാൻ ഡ്രൈവർമാർ കാട്ടിയ ധൈര്യം പ്രശംസാർഹമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, സൈനിക ആക്രമണം ഒഴിവാക്കി ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ടുപോകാനാണ് യുഎസ് ഇപ്പോൾ ശ്രമിക്കുന്നത്. ഇറാനുമായി വ്യാപാര, വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ഒഴിവാക്കണമെന്ന് എല്ലാ രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു.

ഈ പശ്ചാത്തലത്തിൽ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല തൽക്കാലം ഇറാൻ സർക്കാരിനെ തന്നെ ഏൽപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധികൾ തീരുന്നതുവരെയാണ് താൽക്കാലിക ചുമതല കൈമാറുക. ചബഹാറിനെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചരക്കുനീക്കം നടത്താനുള്ള ഇന്ത്യയുടെ തന്ത്രപ്രധാന കവാടമാണ് ഇറാനിലെ ചബഹാർ തുറമുഖം.