പുലിക്കളിയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും ആ കലാകാരെ വിഷമിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. സ്‌പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നത് പ്രധാനമായ ഒരു സിംഗിള്‍ തീം കാര്‍ണിവലാണ് പുലിക്കളി എന്ന അഭിപ്രായത്തോട് യോജിക്കുന്നതായി വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനാല്‍ തന്റെ അഭിപ്രായ പ്രകടനം പക്വതയുള്ളതായില്ലെന്ന് തിരിച്ചറിയുന്നു എന്നും വി കെ ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു. (actor vk sreeraman expressed regret over his statement on pulikali)
വൈകൃതം കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു പുലിക്കളിക്കെതിരായ വി കെ ശ്രീരാമന്റെ വിമര്‍ശനം. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കണ്ടാല്‍ ഓക്കാന വരുന്ന കലാവൈകൃതം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസ്താവന അനുചിതമെന്ന് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു.വി കെ ശ്രീരാമന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പുലികളിയെ സംബന്ധിച്ചുള്ള എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി.
അതില്‍ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.
?
‘ തൃശൂരിലെ പുലിക്കളി യഥാര്‍ത്ഥത്തില്‍ ഒരു സിങ്കിള്‍ തീം കാര്‍ണിവെല്‍ ആണ്.
കാസര്‍കോടന്‍ പുലിക്കളി ഒരു മാര്‍ഷല്‍ ആര്‍ട്ട് ഫോം ആണ്. കായികത (ആയോധന കല) കലര്‍ന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്.
കാര്‍ണിവെല്ലിന് അതൊന്നും ആവശ്യമില്ല.
പ്രത്യക്ഷം സ്‌പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.’
??
ഈ അഭിപ്രായം ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു,
അതിനാല്‍ എന്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും.
ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ.
പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതിലുള്ള ഖേദം
ഞാന്‍ രേഖപ്പെടുത്തുന്നു.
– വി.കെ. ശ്രീരാമന്‍







