രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന കടുത്ത തൊഴിൽ സമ്മർദ്ദങ്ങൾക്കെതിരെയും കോർപ്പറേറ്റ് ചൂഷണങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധമുയർത്താൻ ഡിവൈഎഫ്ഐ. തൃശ്ശൂരിൽ ആരംഭിച്ച ഡിവൈഎഫ്ഐ പതിനാറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വി കെ സനോജ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായി ഒരു സാഹിത്യോൽസവം സംഘടിപ്പിച്ച സംഘടന ഡിവൈഎഫ്ഐയാണ്. രാജ്യത്ത് ആദ്യമായി സ്റ്റാർട്ടപ്പ് ഉത്സവം സംഘടിപ്പിച്ചത് ഡിവൈഎഫ്ഐയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗൗരവമായ ചർച്ച സമ്മേളനത്തിൽ ഉണ്ടാകും.
ഏതെങ്കിലും ഒരു അംഗം ചെയ്യുന്ന തെറ്റിന് ചൂണ്ടിക്കാണിച്ച് ഇതാണ് സംഘടന എന്ന് പറയരുത്. ലഹരിക്കെതിരെ ഏറ്റവും കൂടുതൽ ക്യാമ്പയിൻ നടത്തിയ സംഘടനയാണ് ഡിവൈഎഫ്ഐ. സിജെപി ഉയർത്തിയ വിഷയത്തെ ഡിവൈഎഫ്ഐ പിന്തുണയ്ക്കുക ആണ് ചെയ്തത്. ജനാധിപത്യപരമായ സമീപനത്തോടെയാണ് സമ്മേളനങ്ങൾ നടക്കുന്നത്. അതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് യുവാക്കൾ നേരിടുന്നത് കേവലം തൊഴിലില്ലായ്മ മാത്രമല്ല, മറിച്ച് ജോലിയുള്ളവരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന കടുത്ത മാനസിക സമ്മർദ്ദമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് ജോലിസമയം കഴിഞ്ഞാലും വീട്ടിലേക്ക് പോകാനോ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിടുതൽ നേടാനോ കഴിയാത്ത സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഗോളതലത്തിൽ ശ്രദ്ധനേടുന്ന ‘റൈറ്റ് ടു ഡിസ്കണക്റ്റ്’ എന്ന ആശയം മുൻനിർത്തി ഡിവൈഎഫ്ഐ രംഗത്തെത്തുന്നത്.
വൈവിധ്യങ്ങളുടെ ഉത്സവം എന്ന മുദ്രാവാക്യമുയർത്തി രണ്ട് സീസണുകളിലായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ‘യുവധാര സാഹിത്യോത്സവം’ സംഘടനയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് നേതാക്കൾ പറഞ്ഞു. രാഷ്ട്രീയമായി വിവിധ ചേരികളിൽ നിൽക്കുന്ന ആളുകളെ ഒരുമിച്ച് ചേർത്തുകൊണ്ട് വിപുലമായ രീതിയിലാണ് ഇത് സംഘടിപ്പിച്ചത്. അരുന്ധതി റോയ്, ഗീതാഞ്ജലി ശ്രീ, ദാമോദർ മൗസോ തുടങ്ങി ഇന്ത്യയിലെയും കേരളത്തിലെയും നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ഈ ഉത്സവത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂർ റീജണൽ തിയേറ്ററിൽ തുടക്കമാണ് കുറിച്ചിരിക്കുന്നത്. പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ യുവജനങ്ങൾ ഒന്നിച്ച് അണിനിരന്നാൽ ഫാസിസ്റ്റ് ഭരണാധികാരികളെ താഴെയിറക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.






