ഉറക്കമിളച്ചും കഷ്ടപ്പെട്ടും പഠിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് വന്നെങ്കിലും നിയമനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി ഉദ്യോഗാർഥികളാണ്. പാലക്കാട് ജില്ലയിലെ കൽമണ്ഡപം സ്വദേശിയായ ജെന്നിഫർ ഫാറൂണിന് അസി. പ്രഫസര്‍ ഇൻ കൊമേഴ്സ് ലിസ്റ്റിൽ 22–ാം റാങ്ക് നേടിയെങ്കിലും നിയമനം ഇനിയും അകലെ. പാലക്കാട് ജില്ലയിലെ രണ്ടാം റാങ്കുകാരിയാണ് ജെന്നിഫർ. കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി ഓഫിസിലെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനോട് ജെന്നിഫർ കരഞ്ഞ് അപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഇനി 30 ദിവസം മാത്രമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി, ഈ സർക്കാരിൽ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് ജെന്നിഫർ പറയുന്നു. എംകോം വിദ്യാഭ്യാസവും നെറ്റ് യോഗ്യതയുമുള്ള ജെന്നിഫർ 2023–ൽ ഐഎച്ച്ആർഡിയുടെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരവും നേടിയിരുന്നു. റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്തതിന് പിന്നിലെ കാരണവും മുന്നോട്ടുള്ള നീക്കങ്ങളും അവർ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
2023–ല്‍ നിലവിൽ വന്ന ലിസ്റ്റ്
‘2023 സെപ്റ്റംബർ 19നാണ് ഈ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. രണ്ട് വർഷം പിന്നിട്ടിട്ടും നിയമനം കിട്ടിയില്ല. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 30 ദിവസം മാത്രം. ഇതുവരെ 11 പേർക്കാണ് നിയമനം ലഭിച്ചത്. രണ്ട് പേർക്ക് കൂടി നിയമനം കിട്ടുമെന്ന് മനസ്സിലാക്കുന്നു. കാലാവധി അവസാനിക്കാൻ പോകുന്ന ഈ സമയത്തും സര്‍ക്കാര്‍ ഞങ്ങളെ കൈവിടില്ലെന്നാണ് പ്രതീക്ഷ. കൊമേഴ്സ് മേഖലയിൽ മുന്‍ കാലങ്ങളിൽ നൂറും ഇരുന്നൂറും നിയമനങ്ങൾ നടന്നിട്ടുണ്ട്. ആ സ്ഥാനത്താണ് 11 പേർക്ക് നിയമനം നൽകിയത്. ഞങ്ങള്‍ മനസ്സിലാക്കിയത് അനുസരിച്ച് മരണം, വിരമിക്കൽ എന്ന നിലയിൽ 32 ഒഴിവുകളും പുതിയ കോളജുകളിലായി 29 എണ്ണവും ഉൾപ്പെടെ ആകെ 61 ഒഴിവുകൾ ഇപ്പോള്‍ നിലവിലുണ്ട്. എന്നാൽ ഇതിൽ 55 എണ്ണം അധികമാണെന്ന് പറഞ്ഞ് ബാക്കി 6 എണ്ണം മാത്രമാണ് കഴിഞ്ഞ സര്‍ക്കാർ നിയമിച്ചത്.
11 ൽ ബാക്കി 5 എണ്ണം മരണം, വിരമിക്കല്‍ എന്നീ തലങ്ങളിൽ നടന്നതാണ്. 2001–ല്‍ അന്നത്തെ യുഡിഎഫ് സർക്കാര്‍ നടപ്പിലാക്കിയ പിജി വെയിറ്റേജ് സംവിധാനം 2020ല്‍ എൽഡിഎഫ് സർക്കാർ എടുത്തു കളഞ്ഞതാണ് ഈ 55 വേക്കൻസികൾ അധികമാണെന്ന വാദത്തിന്റെ കാരണമായി പറയുന്നത്. ഈ 55 പേരെയും ഒരു ലിസ്റ്റിൽ നിന്ന് തന്നെ നീക്കം ചെയ്യുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചത്. പല ലിസ്റ്റില്‍ നിന്നായി ക്രമീകരിക്കുന്ന രീതി പോലും ഇതിൽ പാലിച്ചില്ല. 20 വർഷത്തെ ക്രമീകരണമായാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്… കേരളത്തിൽ പഠിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്ന ഉദ്യോഗാർഥികളുടെ അവസ്ഥയാണിത്. പിജി വെയിറ്റേജിനെ ഒരു മറയാക്കിയാണ് സർക്കാർ ഞങ്ങളുടെ ഭാവിയെ ഇരുട്ടിലേക്ക് തള്ളിവിട്ടത്.
ആദ്യം സന്തോഷം, പിന്നെ സങ്കടം
സംസ്ഥാനത്തെ 22–ാം റാങ്കുകാരിയായി ലിസ്റ്റിൽ പേരു വന്നപ്പോൾ ഒരുപാട് സന്തോഷമാണ് തോന്നിയത്. കാരണം, പഠിച്ച സമയം മുതൽ ആദ്യത്തെ 150-ൽ കയറി കൂടാനായിരുന്നു ലക്ഷ്യം. ഒട്ടേറെ പേരെ ഒരുമിച്ച് നിയമിക്കുന്ന മേഖലയായിരുന്നു ഇത്. ആദ്യത്തെ 100 പേർക്ക് നിയമനം ഉറപ്പാണ്. പക്ഷേ, ഞാന്‍ 50–നുള്ളിൽ റാങ്ക് കിട്ടാനാണ് പരിശ്രമിച്ചത്. എന്നാൽ, ലിസ്റ്റ് വന്നപ്പോൾ കിട്ടിയത് 22–ാം റാങ്ക്. ഇതിനാൽ വേഗം നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. ഞാൻ കഷ്ടപ്പെട്ട് ഉറക്കമിളച്ചാണ് പഠിച്ചത്. ഏതൊരാളുടെയും സ്വപ്നമാണ് ജോലി. എനിക്ക് അത് ആഗ്രഹിച്ചത് പോലെ സര്‍ക്കാര്‍ മേഖലയിൽ ലഭിക്കുന്നുമെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർക്കും സന്തോഷമായി. പക്ഷേ, അതെല്ലാം ഇങ്ങനെയായി മാറുമെന്ന് ഒരിക്കലും കരുതിയില്ല. ആദ്യം സന്തോഷം തന്നത് പിന്നീട് വലിയ സങ്കടമായി മാറിയത് പോലെ!
30 ദിവസത്തിനുള്ളിൽ നിയമനം കിട്ടുമോ എന്ന് ചോദിച്ചാൽ കിട്ടുമെന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല. പക്ഷേ, ഈ സർക്കാർ ഞങ്ങളെ കൈവിടില്ലെന്ന് കരുതുന്നു. എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എങ്കിലും 90 ശതമാനവും കിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. നെറ്റും പിഎച്ച്ഡിയും മാത്രമുള്ളവർ എഴുതുന്ന പരീക്ഷയിൽ 22–ാം റാങ്ക് നേടിയ ഒരാളുടെ അവസ്ഥയാണിത്.
വൈറലാകാൻ വേണ്ടിയല്ല കരഞ്ഞത്
പാലക്കാട് എത്തിയ മന്ത്രി റോജി എം. ജോണിനെ കണ്ടപ്പോൾ കരഞ്ഞത് വൈറലാകാനല്ല. മന്ത്രിയെ മുൻപും കണ്ടിട്ടുണ്ട്. ഈ വിഷയത്തിൽ മന്ത്രി വലിയ പിന്തുണയാണ് നൽകുന്നത്. ഇതുവരെയുള്ള അദേഹത്തിന്റെ നടപടികൾ പ്രതീക്ഷാ നിർഭരമാണ്. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രിയെ കണ്ടത്. മറ്റ് ലിസ്റ്റുകള്‍ അടുത്ത റിട്ടയര്‍മെന്റ് സമയത്ത് പരിഗണിക്കുമെന്ന് മാധ്യമങ്ങളിൽ കണ്ടിരുന്നു. കൊമേഴ്സിൽ കേവലം 5 ഒഴിവുകളാണുള്ളത്. 55 പേരില്‍ 5 പേർക്ക് നിയമനം നൽകി ഒഴിവാക്കുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് പാലക്കാട് മന്ത്രിയെ കാണാൻ തീരുമാനിച്ചത്. മുന്‍പ് തിരുവനന്തപുരത്തും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മന്ത്രി വളരെ പോസിറ്റീവായാണ് സമീപിച്ചത്. കഴിഞ്ഞ സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ച ലിസ്റ്റുകളിലെല്ലാം ഈ സർക്കാർ ഇടപെടുമെന്ന് വിചാരിക്കുന്നു.
മുഖ്യമന്ത്രിയെയും കണ്ടു
മുഖ്യമന്ത്രി വി.ഡി. സതീശനെയും ഞങ്ങൾ കണ്ടിരുന്നു. ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ കാര്യങ്ങൾ അദേഹം ഇങ്ങോട്ട് പറയുകയായിരുന്നു. പിജി വെയിറ്റേജ് എടുത്തു കളഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അദേഹം പറഞ്ഞിരുന്നു. ഈ പ്രശ്നത്തെ കുറിച്ച് നന്നായി പഠിച്ചിട്ടുള്ള ആളാണ് മുഖ്യമന്ത്രി. ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് ലഭിച്ച ഉറപ്പ്. നിയമനം വേഗത്തിലാക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മന്ത്രിമാരെയും ബന്ധപ്പെട്ട അധികൃതരെയും നേരിൽ കണ്ട് നിവേദനം നല്‍കി. റിട്ടയർമെന്റ് വേക്കൻസികളിൽ പരിഗണിക്കാമെന്ന് പറയുമ്പോൾ അതിൽ കൊമേഴ്സിന് ഗുണമുണ്ടാകില്ലെന്നുമുള്ള കാര്യം എല്ലാവരെയും ധരിപ്പിച്ചിട്ടുണ്ട്.
പിഎസ്‌സിക്കായി ജോലി വിട്ടു
2013–ൽ എംകോം പഠനം പൂർത്തീകരിച്ചയാളാണ് ഞാൻ. ശേഷം നെറ്റും എഴുതി വിജയിച്ചു. 2019–ലാണ് ഈ നോട്ടിഫിക്കേഷന്‍ വന്നത്. അന്ന് ഐഎച്ച്ആർഡിയിലെ അസി.പ്രഫസറായി ജോലി ചെയ്യുകയായിരുന്നു. തുടർന്ന് സ്വപ്നം കണ്ട ജോലി നേടുന്നതിനായി ആ ജോലി ഉപേക്ഷിച്ചു. കാരണം പഠനവും പഠിപ്പിക്കലും ഒരുമിച്ച് കൊണ്ടുപോകാൻ പ്രയാസമായിരുന്നു. കഷ്ടപ്പെട്ടാണ് പഠിച്ചത്, പിന്നാലെ കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കൂടിയായതോടെ പരീക്ഷ നീണ്ടു പോയി. 2021 ജനുവരിയിലാണ് പരീക്ഷ എഴുതിയത്. രാവും പകലും ഈ പരീക്ഷയ്ക്കായി മാറ്റിവച്ചു. അത് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. കാരണം അതുപോലെ കഷ്ടപ്പെട്ടു. 30 പ്രാവശ്യം റിവിഷൻ മാത്രം നടത്തി. എല്ലാ പുസ്തകങ്ങളം മനപാഠമാക്കി. ഒരുപാട് ത്യാഗങ്ങളാണ് സഹിച്ചത്.
ഇത് എപ്പോഴും നോട്ടിഫിക്കേഷൻ വരുന്ന പരീക്ഷ അല്ല. ആയുസ്സിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഒരാൾക്ക് എഴുതാൻ അവസരം കിട്ടുന്നത്. അന്ന് പരീക്ഷ എഴുതിയപ്പോൾ രണ്ടാമത്തെ മകന്‍ എൽകെജിയിൽ ആയിരുന്നു. ഇന്ന് അവന്‍ പഠിക്കുന്നത് അഞ്ചാം ക്ലാസിലാണ്. അന്ന് പഠനം തുടങ്ങിയിട്ടും ഇന്നും അവന്റെ അമ്മയ്ക്ക് ജോലി കിട്ടിയിട്ടില്ല! പരീക്ഷ എഴുതി, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഭിമുഖം എന്നിങ്ങനെ ആയുസ്സിന്റെ നല്ലകാലം നഷ്ടമായി.
പരീക്ഷകൾ എഴുതിയില്ല!
ഇതിനു ശേഷം ഞാൻ പിഎസ്‌സി പരീക്ഷകളൊന്നും എഴുതിയില്ല. ലിസ്റ്റിൽ റാങ്ക് കുറവായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷേ എഴുതിയേനെ! നല്ലൊരു റാങ്ക് കിട്ടിയത് കൊണ്ട് ഇനി എഴുതണോ എന്ന് സംശയം തോന്നി. എനിക്കൊപ്പം അന്ന് എഴുതിയവരിൽ ലിസ്റ്റിൽ പേരില്ലാത്ത പലരും പിന്നീട് നടന്ന പരീക്ഷകളെഴുതി നല്ല ജോലികളിൽ കയറി. അവരെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നും. കാരണം ഈ ലിസ്റ്റിൽ വരാത്തത് കൊണ്ടല്ലെ അവർക്ക് നല്ലൊരു ജോലിയും ഭാവിയും ഉണ്ടായത്. ഇനി 30 ദിവസമാണുള്ളത്. എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിലും മുഖ്യമന്ത്രിയിലുമാണ് ഇനി ഏക പ്രതീക്ഷ. ഞങ്ങളെ കൈവിടില്ല, നിയമനം തരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.









