അബുദാബി∙ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും കടുക്കുന്നതിനിടെ ഇറാനുമായുള്ള എല്ലാവിധ വാണിജ്യ, സാമ്പത്തിക ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ച് യുഎഇ. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന തരത്തിൽ തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്താൻ യുഎഇ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ഉയർന്ന പ്രചാരണങ്ങളും ആരോപണങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹംലി പൂർണമായി തള്ളി. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ടുപോകാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യാന്തര സാമ്പത്തിക ഭദ്രതയും നിയമങ്ങളും പാലിക്കാൻ രാജ്യം ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാന്റെ ഭാഗത്തുനിന്ന് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ടെഹ്റാനുമായുള്ള വ്യാപാര ബന്ധങ്ങൾ വിച്ഛേദിക്കാൻ യുഎഇ മുതിർന്നത്. എന്നാൽ മിസൈൽ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കും വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇറാനുമായി യാതൊരുവിധ ചർച്ചകളും തൽക്കാലം നിശ്ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിബന്ധനകൾ യുഎസ് അംഗീകരിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന നിലപാടിൽ ഇറാനും ഉറച്ചുനിൽക്കുകയാണ്. ഇതോടെ ഊർജ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ലോകത്തെങ്ങും ശക്തമായി. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 91 ഡോളറിന് മുകളിലെത്തി.







