അബുദാബി: യു.എ.ഇയില്‍ സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശ സംരക്ഷണത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് നിയമ പരിഷ്‌ക്കാരങ്ങള്‍.
രാജ്യരൂപീകരണത്തിന്റെ 50-ാം വര്‍ഷത്തില്‍ 40 ലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും, പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ രജിസ്റ്റര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍, ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിയമനിര്‍മാണ ഘടന വികസിപ്പിക്കുന്നതിനാണ് ഭേദഗതികള്‍.
കുറ്റകൃത്യവും ശിക്ഷയും, ഓണ്‍ലൈന്‍ സുരക്ഷ, ലഹരിമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉല്‍പാദനം, വില്‍പന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഒപ്പിനും പരിരക്ഷ നല്‍കും. ഇടപാടുകള്‍ മുദ്രവയ്ക്കുന്നതിനും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് കരാറുകളും സര്‍ക്കാര്‍ ഇടപാടുകളും നടത്തുന്നതിനും അനുമതിയുണ്ട്.
എന്നാല്‍ ഇടപാട് ആരംഭിക്കുന്ന രാജ്യങ്ങളില്‍ യു.എ.ഇ മാനദണ്ഡങ്ങള്‍ക്ക് സമാനമായ അത്യാധുനിക സംവിധാനമുണ്ടാകണം. ഇലക്ട്രോണിക് ഇടപാടുകളുടെയും ട്രസ്റ്റ് സേവനങ്ങളുടെയും നിയമം, വിവാഹം, വ്യക്തിഗത സ്റ്റാറ്റസ്, നോട്ടറി, റിയല്‍ എസ്റ്റേറ്റ് സേവനങ്ങളില്‍ വാടകയ്ക്ക് എടുക്കല്‍, വാങ്ങല്‍, വില്‍ക്കല്‍, കരാറുകള്‍ ഭേദഗതി ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ സിവില്‍, വാണിജ്യ നടപടിക്രമങ്ങളും സുഗമമാക്കുന്നതാണ് പുതിയ നിയമം.
ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികള്‍ക്ക് രജിസ്‌ട്രേഷന്‍, ഡേറ്റ നിരീക്ഷണം, മാറ്റം ഉള്‍പ്പെടെ അവരുടെ വാണിജ്യ രേഖകള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നിലനിര്‍ത്തുന്ന കൊമേഴ്‌സ്യല്‍ രജിസ്റ്റര്‍ നിയമവും ഭേദഗതി ചെയ്തു. സാമ്പത്തിക മന്ത്രാലയത്തിന്റെ വാണിജ്യ രജിസ്റ്ററില്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തും. ചെറുകിട ഇടത്തരം കമ്പനികളെ പിന്തുണയ്ക്കുന്ന നിയമവുമുണ്ട്.