ആലപ്പുഴ: കരുവാറ്റയിലെ 74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് കൊലപാതകം നടത്തിയത് മൂന്ന് കൗമാരക്കാർ. ഐ ഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കൊല്ലം പരവൂർ സ്വദേശിയായ ശിവൻകുട്ടി കരുവാറ്റയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. പതിമൂന്ന് വയസുകാരിയും ഇതേ വീട്ടിൽ തന്നെ. ശിവൻകുട്ടി വീട്ടിൽ ഒറ്റക്കുള്ള സമയം നോക്കിയാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ പെൺകുട്ടി കൊല നടത്തി സ്വർണ്ണവും പണവും അപഹാരിക്കാൻ വിളിച്ചു വരുത്തിയത്. മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും പെൺകുട്ടിയും ആശുപത്രിയിലേക്ക് പോയ രാത്രി മൂവർ സംഘം വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്നു. കൈകലുകൾ ബന്ധിച്ച് കഴുത്തിൽ തുണി മുറിക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം മൂവരും കൊല്ലത്തേക്ക് ട്രെയിൻ കയറി.തൊട്ടടുത്ത ദിവസം ഒന്നും അറിയാത്ത ആളെ പോലെ പെൺകുട്ടി വീട്ടിലെത്തി നാട്ടുകാരെ വിളിച്ചു കൂട്ടി മരണ വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലപാതകം പൂർണമായി പെൺകുട്ടിയെ വിഡിയോ കോൾ വഴി തത്സമയം കാണിച്ചു. കൗമാരക്കാർ കൊലനടത്തിയത് പ്രൊഫഷണൽ രീതിയിലാണ്. വിരലടയാളം പതിയാതിരിക്കാൻ കൈയ്യുറകൾ ധരിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ വീട്ടിലാകെ മുളക് പൊടി വിതറി. മോഷ്ടിച്ച ആറു പവൻ സ്വർണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.








