ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും

തിരുവനന്തപുരം::ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മിഷണറായേക്കും.നിലവിലെ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ വിരമിക്കുന്ന ഒഴിവിലേക്ക് ആറുപേരടങ്ങിയ പരിഗണനാപ്പട്ടികയില്‍ മേത്തയ്ക്കാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചീഫ് സെക്രട്ടറി പദവിയില്‍ അദ്ദേഹത്തിന് അടുത്ത ഫെബ്രുവരിവരെ കാലാവധിയുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സാഹചര്യം ബിശ്വാസ് മേത്ത കൈകാര്യം ചെയ്തതു സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അദ്ദേഹത്തെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിനെ സി.പി.എമ്മും അനുകൂലിക്കുന്നു. നെതര്‍ലാന്‍ഡ്സ് അംബാസഡര്‍ വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡി.ജി.പി: അലക്സാണ്ടര്‍ ജേക്കബ് എന്നിവരും സാധ്യതാപ്പട്ടികയിലുണ്ട്. മൂന്നുവര്‍ഷമാണു മുഖ്യവിവരാകാശ കമ്മിഷണറുടെ ഔദ്യോഗികകാലാവധി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രിയും ഉള്‍പ്പെട്ട സമിതിയാണു മുഖ്യവിവരാവകാശ കമ്മിഷണറെ തെരഞ്ഞെടുക്കുന്നത്.ഈ പദവിയിലേക്കു ഡി.ജി.പി: ലോക്നാഥ് ബെഹ്റയുടെ പേരും ഉയര്‍ന്നെങ്കിലും അദ്ദേഹം അനുകൂലിച്ചില്ല. ബെഹ്റയെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്കു പരിഗണിക്കുന്നതായും സൂചനയുണ്ട്.