ഹരാരെ ∙ സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 72 ആയി. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജല ദുരന്തങ്ങളിലൊന്നാണിത്. സർക്കാരിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്ന, ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയ ഫെറി ബോട്ടാണ് ശക്തമായ കാറ്റിൽ പെട്ട് തടാകത്തിൽ കീഴ്േമൽ മറിഞ്ഞത്. സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള വലിയ തടാകത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമീണരും മത്സ്യവ്യാപാരികളുമായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും.
90 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ അഞ്ച് ജീവനക്കാരും 114 മുതിർന്നവരും എണ്ണമറിയാത്ത അത്രയും കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ. സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ 77 പേരെ രക്ഷപ്പെടുത്തിയിരുന്നു. ശൈത്യം കാരണം തടാകത്തിലെ വെള്ളത്തിനു കടുത്ത തണുപ്പുള്ളതിനാൽ മൃതദേഹങ്ങൾ മുകളിലേക്ക് പൊന്തിവരാൻ സമയമെടുക്കുന്നുണ്ടെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന ബോട്ട് റെജിമെന്റ് കമാൻഡർ ലഫ്റ്റനന്റ് കേണൽ ജോസഫ് മുച്ചെച്ചെസി പറഞ്ഞു. എങ്കിലും തടാകത്തിലുള്ള മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
നിലവിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബോട്ട് പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോൾ ഉള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങിയിരുന്നതായും യാത്ര അവസാനിപ്പിച്ച് തിരികെ പോകാൻ ഡ്രൈവറോട് തങ്ങൾ അപേക്ഷിച്ചിരുന്നതായും രക്ഷപ്പെട്ട യാത്രക്കാർ വെളിപ്പെടുത്തി. ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ ആളുകൾ ജീവൻരക്ഷാ ജാക്കറ്റുകൾക്കായി പരക്കം പാഞ്ഞു. എന്നാൽ അവ എങ്ങനെയാണ് ധരിക്കേണ്ടതെന്ന് പോലും ഭൂരിഭാഗം പേർക്കും അറിയില്ലായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് ബോട്ട് മുങ്ങിയതെന്നും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ചാൻസ് സിയാമാവു എന്നയാൾ കണ്ണീരോടെ ഓർമിച്ചു. ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും ഏഴ് ബന്ധുക്കളും ദുരന്തത്തിൽ മരിച്ചു. വെള്ളത്തിന്റെ അളവ് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകമാണ് കരിബ തടാകം.
തണുപ്പിൽ മൃതദേഹങ്ങൾ പൊന്തിവരുന്നില്ല; സിംബാബ്‌വെയിലെ ബോട്ട് അപകടത്തിൽ മരണം 72 ആയി, രാജ്യത്തെ ഏറ്റവും വലിയ ജലദുരന്തം








