ആദ്യം അമ്മയെ പിന്നാലെ പിതാവിനെ; മാതാപിതാക്കളെ കൊല്ലാൻ അജീഷ് കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്

എഴുകുംവയൽ (ഇടുക്കി) ∙ എഴുകുംവയൽ ഇരട്ടക്കൊലപാതക കേസിൽ മാതാപിതാക്കളെ കൊന്നത് മൂന്നാഴ്ച മുൻപ് വാങ്ങി, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് മകനും പ്രതിയുമായ അജീഷ് (26) മൊഴി നൽകി. കട്ടപ്പനയിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നാലെ പിതാവിനെയും കൊലപ്പെടുത്തി. എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അജീഷിന്റെ അറസ്റ്റ് നെടുങ്കണ്ടം പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ലഹരിക്കടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം നൽകാതിരുന്നതും കുടുംബവഴക്കുമാവാം കൊലപാതകങ്ങൾക്കു കാരണമെന്നാണ് സൂചന. അജീഷ് കുറ്റസമ്മതം നടത്തിയെങ്കിലും പരസ്പരവിരുദ്ധമായ മൊഴി നൽകുന്നതും മൂലം ഇത് പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണകാരണവും കൊലപാതകരീതിയും സ്ഥിരീകരിക്കാൻ കഴിയൂ. ആന്റണിയുടെ ശരീരത്തിൽ 14 മുറിവുകളും വത്സമ്മയുടെ ശരീരത്തിൽ നാലു മുറിവുകളുമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും സംസ്കാരം ഇന്നു 3ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ നടക്കും. ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ നിതിനാണ് മൂത്ത മകൻ.‌ ഇന്നലെ രാവിലെ ഫൊറൻസിക് സംഘം തെളിവെടുപ്പ് നടത്തി. ഉച്ചയോടെയാണ് അജീഷിനെ വീട്ടിലെത്തിച്ചത്. കൊല നടത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ദേവികുളം സബ് ജയിലിലേക്കു മാറ്റി.