Headlines

റഷ്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ലക്ഷ്യംവച്ച് യുക്രെയ്ൻ; വ്യോമതാവളത്തിനു നേരെയും മിസൈൽ ആക്രമണം

കീവ് ∙ റഷ്യയിലെ സൈനിക വ്യോമതാവളത്തിനും സ്പേസ് റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനും നേരെ അതിശക്തമായ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യ സ്വന്തമായി വികസിപ്പിച്ചു വരുന്ന ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയെ പിന്തുണയ്ക്കുന്ന പ്രോഗ്രസ് റോക്കറ്റ് കേന്ദ്രത്തിനു നേരെയാണ് യുക്രെയ്ൻ മാരക പ്രഹരമേൽപ്പിച്ചത്. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ അതിർത്തിക്കുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയത്.അതിർത്തിയിൽ നിന്നും 900 കിലോമീറ്റർ ഉള്ളിലുള്ള റോക്കറ്റ് ഗവേഷണ കേന്ദ്രത്തിനു നേരെ ഫ്ലെമിങ്ങോ ക്രൂയിസ് മിസൈലുകളാണ് പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി എക്‌സിലൂടെ പറഞ്ഞു. യുക്രെയ്നെ ആക്രമിക്കാൻ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ പ്രധാന താവളമാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ യുദ്ധശേഷി തകർക്കേണ്ടത് സമാധാനത്തിന് അനിവാര്യമാണെന്നും സെലെൻസ്‌കി ഓർമിപ്പിച്ചു.റഷ്യയിലെ നിഷ്നി നോവ്ഗൊറോഡ് മേഖലയിലെ വ്യോമതാവളത്തിലും, പ്രോഗ്രസ് റോക്കറ്റ് ആൻഡ് സ്പേസ് സെന്ററിലും തങ്ങളുടെ മിസൈലുകൾ കൃത്യമായി പതിച്ചതായി യുക്രെയ്ൻ ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഇരു കേന്ദ്രങ്ങളിലും വൻ തീപിടുത്തമുണ്ടായി. സ്പേസ് എക്സിന്റെ സ്റ്റാർലിങ്കിനു ബദലായി റഷ്യ വികസിപ്പിച്ചു വരുന്ന രസ്വെറ്റ് ബ്രോഡ്‌ബാൻഡ് ശൃംഖലയ്ക്കുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റുകൾ നിർമിക്കുന്നത് ഈ പ്ലാന്റിലാണ്. യുക്രെയ്നിലെ ഡ്രോൺ പ്രവർത്തനങ്ങൾക്കും ആശയവിനിമയങ്ങൾക്കും സ്റ്റാർലിങ്ക് വലിയ സഹായം നൽകുന്നുണ്ട്. എന്നാൽ റഷ്യയിൽ ഇതിന് അനുമതിയില്ലാത്തതിനാലാണ് അവർ സ്വന്തം ശൃംഖല നിർമിക്കാൻ ശ്രമിക്കുന്നത്.