തിരുവനന്തപുരം ∙ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. വ്യവസായ വകുപ്പിനു വേണ്ടി പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെബിപ്പ്) പുരസ്കാരം ഏറ്റുവാങ്ങും. 24, 25 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പിഎംഎഫ്എംഇ കോൺക്ലേവിൽ വ്യവസായ വാണിജ്യ ഡയറക്ടർ അരുൺ കെ. വിജയനും കെബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്.സൂരജും ചേർന്ന് അവാർഡ് സ്വീകരിക്കും.
പിഎംഎഫ്എംഇ പദ്ധതി വഴി 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു. 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപ ഗ്രാന്റ് ഇൻ എയ്ഡ് സബ്സീഡിയായി അനുവദിച്ചു. സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ സഹായമായി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻവഴി 6,297 പേർക്ക് 19.60 കോടി രൂപയും സംസ്ഥാന നഗര ഉപജീവന മിഷൻ വഴി 1,060 പേർക്ക് 3.90 കോടി രൂപയും നൽകി.കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 60:40 എന്ന അനുപാതത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനത്തെ നോഡൽ ഡിപ്പാർട്ട്മെന്റ് വ്യവസായ വാണിജ്യ വകുപ്പാണ്. ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ മികച്ച പ്രോത്സാഹനം, നൈപുണ്യ വികസനം, സാമ്പത്തിക സഹായം, വിപണന പിന്തുണ എന്നിവയാണ് കേരളത്തെ ഈ ദേശീയ അംഗീകാരത്തിന് അർഹമാക്കിയത്.









