Headlines

സംസ്ഥാന പദവി തിരികെ ലഭിക്കാൻ പോരാടും, അത് റദ്ദാക്കിക്കിയില്ലായിരുന്നുവെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നു’

ശ്രീനഗർ ∙ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നുവെങ്കിൽ പാക്ക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയിൽ ചേരുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ സംസ്ഥാന പദവി എടുത്തുമാറ്റിയ നടപടിയെ അദ്ദേഹം വിമർശിച്ചു.1947ൽ പാക്കിസ്ഥാൻ കടന്നുകയറ്റക്കാർക്കെതിരെ പോരാടി ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ച കശ്മീരികളുടെ നിലപാട് ഇന്നത്തെ പാക്ക് അധീന കശ്മീരിലെ സാഹചര്യം ശരിവയ്ക്കുന്നു. ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്നതിനിടെ പാക്ക് അധീന കശ്മീരിലെ നിരവധി ആളുകൾ കൊല്ലപ്പെടുകയും ജയിലിലാവുകയും ചെയ്യുന്നത് വേദനിപ്പിക്കുന്നു. കശ്മീരിന്റെ സംസ്ഥാന പദവിയും മറ്റ് ഭരണഘടനാപരമായ അവകാശങ്ങളും തിരികെ ലഭിക്കാനായി തന്റെ സർക്കാർ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.പാക്ക് അധീന കശ്മീരിലുള്ളവർക്കായി നിയമസഭയിൽ ഇപ്പോഴും സീറ്റുകൾ മാറ്റിവച്ചിട്ടുണ്ടെന്നും ഭാവിയിൽ അത് നികത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒമർ അബ്ദുല്ല പറഞ്ഞു. അതേസമയം, ഒമർ അബ്ദുല്ലയുടേത് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള സ്വാതന്ത്ര്യദിനത്തെ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ വിമർശിച്ചു. സ്വന്തം സർക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം ഒമർ അബ്ദുല്ല രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.