‘മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു’: പാക്ക് അധീന കശ്മീരിൽ പ്രക്ഷോഭകർക്കുനേരെ നിറയൊഴിച്ച് പാക്കിസ്ഥാൻ; 20 മരണം

 

റവാലകോട്ട് ∙ പാക്ക് അധീന കശ്മീരിൽ (പിഒകെ) പ്രക്ഷോഭം അടിച്ചമർത്താൻ പാക്കിസ്ഥാൻ നടത്തിയ പൊലീസ് നടപടിയിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. അമ്പതിലേറെപ്പേർക്ക് പരുക്കേറ്റു. പാക്ക് അധീന കശ്മീരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട റവാലകോട്ടിലെ ദ്രെയിക് എയ്ത്ത് മേഖലയിൽ നടന്ന പ്രതിഷേധത്തിനു നേരെയാണ് പാക്ക് പൊലീസിന്റെ ക്രൂരത.ഇന്നലെ മുതൽ നടന്ന ആക്രമണത്തിൽ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി കോർ കമ്മിറ്റി അംഗം ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറുൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ജൂൺ 5ന് പിഒകെയിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ റോഡിൽ നിരത്തിക്കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ജനക്കൂട്ടത്തിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.‘സുഹൃത്തുക്കളെ, സ്ഥിതി അതീവ ഗുരുതരമാണ്, റാവാലകോട്ട് മൃതദേഹങ്ങളാലും പരുക്കേറ്റവരാലും നിറഞ്ഞിരിക്കുന്നു. ദൈവത്തെയോർത്ത്, ഇപ്പോൾ ഞങ്ങൾക്കൊപ്പം നിൽക്കണം. തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. ഒരുപാട് സഹോദരങ്ങൾ രക്തസാക്ഷികളായതു കണ്ടതോടെ ഇനി എന്റെ സ്വന്തം രക്ഷയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. രാജ്യാന്തര മാധ്യമങ്ങൾ ഞങ്ങളെ പിന്തുണയ്ക്കണം. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നിട്ടും ഞങ്ങളുടെ തോളുകൾ മൃതദേഹങ്ങളേറ്റി ക്ഷീണിച്ചു’– പിഒകെയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഖീൽ ഭായി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.പിഒകെയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾ തിങ്കളാഴ്ച ആരംഭിച്ചതോടെ പാക്കിസ്ഥാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 14,000ത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 45 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 10 വരെ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. പിഒകെയിൽ ആകെ 53 സീറ്റുകളുള്ളതിൽ 45 എണ്ണത്തിലേക്കാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ്.