ബെംഗളൂരു∙ അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) ചേർന്ന് പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗാൾ സ്വദേശി കർണാടകയിൽ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നാവോപര സ്വദേശിയായ അസഫുൽ മാലിക്കാണ് (25) ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ജിഗാനി മേഖലയിൽ സംശയാസ്പദമായ രീതിയിലെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മാലിക്കിന്റെ ഭീകരബന്ധം പുറത്തായത്.ജിഗാനി ഇൻഡസ്ട്രിയൽ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 2025 മുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയാണ് മാലിക്. മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ടിടിപിയുമായി ബന്ധമുള്ള കാര്യം ഇയാൾ സമ്മതിച്ചു.പാക്കിസ്ഥാൻ സൈന്യം അവിടുത്തെ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും പള്ളികൾക്കും സാധാരണക്കാർക്കുമെതിരെ നടത്തുന്ന ആക്രമണങ്ങൾക്കും പകരം ചോദിക്കാനായിരുന്നു മാലിക്കിന്റെ ശ്രമം. ഇസ്രയേൽ–പലസ്തീൻ വിഷയത്തിലെ പാക്കിസ്ഥാന്റെ നിലപാടിലും തനിക്ക് അമർഷമുണ്ടെന്ന് മാലിക് പൊലീസിനോടു വെളിപ്പെടുത്തി. ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ തിരിച്ചടിക്കാനും താൻ പദ്ധതിയിട്ടിരുന്നെന്നും മാലിക് പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.
അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ






