Headlines

പെട്രോളിന് പകരം ചൂര മീൻ; യുദ്ധം പേടിച്ച് അതിർത്തി അടച്ച് പാക്കിസ്ഥാൻ, പെട്രോൾ കള്ളക്കടത്തിന് പിന്നാലെ മീൻ ‘മറിച്ചുവിൽക്കലും’

ഇറാനിൽ നിന്ന് ബൈക്കുകളിൽ ലക്ഷക്കണക്കിന് ലീറ്റർ പെട്രോൾ ‘ഔദ്യോഗികമായി’ കള്ളക്കടത്ത് നടത്തുന്ന പാക്കിസ്ഥാന് യുദ്ധത്തെ തുടർന്ന് അടുത്ത അടി. ഇറാനിൽ നിന്നുള്ള പെട്രോളിന് പകരമായി പാക്കിസ്ഥാനിലെ മത്സ്യവ്യാപാരികൾ ചൂര മീൻ (ട്യൂണ) നൽകുന്ന കച്ചവടരീതി ഏറെക്കാലമായി നിലനിന്നിരുന്നു. ഒരുതരം ‘ബാർട്ടർ’ സമ്പ്രദായം. എന്നാൽ, യുദ്ധം കടലിലേക്കും നീളുകയും ബോട്ടുകൾ ആക്രമിക്കുകയും ചെയ്തതോടെ ഇതും നിലച്ചു.

ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ ഇറാനുമായുള്ള അതിർത്തി അടച്ചതും തിരിച്ചടിയായി. കഴിഞ്ഞ ഫെബ്രുവരി മുതൽ പെട്രോൾ-ചൂരമീൻ എക്സ്ചേഞ്ച് കച്ചവടം മോശമാണെന്ന് മത്സ്യവ്യാപാരികൾ പറഞ്ഞതായി പാക്കിസ്ഥാനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇറാനിലെ കോനാറക്, പാസബന്ദർ, ബെറിസ് തുടങ്ങിയ മത്സ്യവ്യാപാര ഹബ്ബുകളും ആക്രമണത്തിന് ഇരയായെന്ന് മത്സ്യവ്യാപാരികൾ പറയുന്നു. ഇതോടെ ഇറാന്റെ ഭാഗത്തേക്ക് ബോട്ടുകൾ അയയ്ക്കാൻ പറ്റാതായി. മീൻ വിൽപനയും പെട്രോൾ വാങ്ങലും നടക്കുന്നുമില്ലെന്നും വ്യാപാരികൾ പറയുന്നു.

മാർച്ചിലും ജൂലൈയിലുമായി ഏതാനും പാക്കിസ്ഥാനി മത്സ്യത്തൊഴിലാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതും എക്സ്ചേഞ്ച് കച്ചവടത്തെ ബാധിച്ചു. ചൂര മീൻ ഇറാനിയൻ അടുക്കളകളിലെ പ്രിയ വിഭവമാണ്. പാക്കിസ്ഥാനികൾക്ക് പക്ഷേ അത്ര താൽപ്പര്യമില്ല. അതുകൊണ്ടുതന്നെ, പിടിക്കുന്ന മീൻ മിക്കവാറും ഇറാനിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.പാക്കിസ്ഥാനിൽ കിട്ടുന്നതിനേക്കാൾ ഏഴും എട്ടും ഇരട്ടിവരെ വിലയും ഇറാനിൽ നിന്ന് കിട്ടും. യുദ്ധവും അതിർത്തി പൂട്ടിയ പാക്കിസ്ഥാന്റെ നടപടിയും മൂലം വിൽപന ഏതാണ്ട് നിലച്ചെന്നും വരുമാനം ഇല്ലാതായെന്നും വ്യാപാരികൾ പറഞ്ഞതായും ഡോൺ റിപ്പോർട്ടിലുണ്ട്.

സൈന്യത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് ദിവസേന കള്ളക്കടത്തായി എത്തുന്നത് 60 ലക്ഷത്തോളം ലീറ്റർ പെട്രോളാണെന്ന് റിപ്പോർട്ടുകളുണ്ട്. മോട്ടോർബൈക്കുകളിലാണ് പ്രധാനമായും ഈ കടത്ത്. ബലൂചിസ്ഥാനാണ് പ്രധാനമായും കള്ളക്കടത്തിന്റെ കേന്ദ്രമെങ്കിലും സിന്ധ്, കറാച്ചി, പാക്ക് പഞ്ചാബ് മേഖലകളിലേക്കും ഈ ‘കള്ള’ പെട്രോൾ ഒഴുകുന്നു. ഏതാണ്ട് 1.5 കോടിയാണ് ബലൂചിസ്ഥാന്റെ ജനസംഖ്യ. ഇതിൽ 24 ലക്ഷത്തോളം പേർ പെട്രോൾ കള്ളക്കടത്ത് ജോലി ചെയ്യുന്നവരാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.