Headlines

പ്രിയദർശിനി ബസ്: പുരുഷന്മാർക്ക് സീറോ ടിക്കറ്റ്; കണ്ടക്ടർ പിടിയിൽ

ആലുവ ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു സീറോ ടിക്കറ്റ് നൽകി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇൻസ്പെക്ടർ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നു മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയന് എതിരെ നടപടിക്കു ശുപാർശ ചെയ്ത് അധികൃതർ വിജിലൻസ് വിഭാഗത്തിനു റിപ്പോർട്ട് നൽകി. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ 2 പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോൾ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാർ ടിക്കറ്റ് ചാർജ് നൽകിയതായി വെളിപ്പെടുത്തി. തുടർന്നു ബസിനകത്തു കയറി പരിശോധിച്ചപ്പോഴാണ് 3 പുരുഷ യാത്രക്കാർക്കു കൂടി സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടർക്കു പണം നൽകിയതായി അറിയിച്ചതിനെ തുടർന്നാണ് നടപടി .