6 മാസം ബാക്കിയിരിക്കെ ചന്ദ്ര പടിയിറങ്ങി, ടാറ്റ ഗ്രൂപ്പിലെ തർക്കം പുതിയ വഴിക്ക്

 

ടാറ്റ ഗ്രൂപ്പിലെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച് എൻ.ചന്ദ്രശേഖർ. ഒൻപതു വർഷത്തോളമായി തുടരുന്ന പദവിയിൽ 6 മാസം ശേഷിക്കെയാണ് നിർണായക നീക്കം. നിലവിൽ 2027 ഫെബ്രുവരി വരെ അദ്ദേഹത്തിന് തുടരാം. അതിനുശേഷം തുടർ നിയമനം ആവശ്യപ്പെടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ടാറ്റ സൺസുമായി ബന്ധപ്പെട്ട അധികാര തർക്കങ്ങൾക്കിടെയാണ് രാജിയെന്നതും ശ്രദ്ധേയം. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ അടക്കമുള്ള ബിസിനസുകളുടെ മോശം പ്രകടനവും രാജിയിലേക്കു നയിച്ചതായാണ് വിലയിരുത്തൽ. ഓഗസ്റ്റ് 18ന് ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് നിർണായക സ്ഥാനത്തു നിന്നുള്ള ചന്ദ്രശേഖറിന്റെ പടിയിറക്കം.

 

40 വർഷത്തോളം ടാറ്റ ഗ്രൂപ്പിനെ സേവിച്ച ശേഷമാണ് പടിയിറക്കമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റ ഗ്രൂപ്പിനെ നയിക്കാനുള്ള അവസരം അഭിമാനമായി കാണുന്നു. തന്റെ ചെയർമാൻ സ്ഥാനം അടുത്ത ഫെബ്രുവരി വരെയാണ്. അതിനു ശേഷം അഞ്ചു വർഷത്തേക്കു കൂടി അതു നീട്ടുന്ന കാര്യത്തിൽ ട്രസ്റ്റ് അനുകൂല നിലപാടെടുത്തിരുന്നു. എന്നാൽ ഒരു ട്രസ്റ്റ് അംഗം ഇതിൽ എതിർപ്പു പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനത്തു തുടരേണ്ടതില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ബോർഡ് യോഗത്തിനു ശേഷം 6 മാസം പിന്നിട്ടു. ഇക്കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല. ടാറ്റ സൺസ് വലിയൊരു കമ്പനിയാണ്. പല നിർണായക പദ്ധതികളും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. അതിനെ നയിക്കാൻ ഒരു നേതാവുണ്ടാകേണ്ടത് ജീവനക്കാർക്കും നിക്ഷേപകർക്കും അത്യാവശ്യമാണ്. ഇക്കാരണത്താൽ, നിലവിലെ ടേം കഴി‍ഞ്ഞതിനു ശേഷം പുനർനിയമത്തിനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ടാറ്റ സൺസ് ഡയറക്ടർ ബോർഡിനെ അറിയിച്ചതായും അദ്ദേഹം പറ‍ഞ്ഞു.ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യൽ, ഡയറക്ടർ ബോർഡിലെ നിയമനം, എൻ.ചന്ദ്രശേഖരന്റെ പുനർനിയമനം എന്നിവയിൽ നേരത്തേതന്നെ തർക്കമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള യോഗം നിരവധി തവണ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

 

ഓഹരികളിൽ ഇടിവ്

ചന്ദ്ര എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചന്ദ്രശേഖരന്റെ രാജിയോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ടാറ്റ കൺസൽറ്റൻസി സർവീസ് നാലു ശതമാനം ഇടിവു നേരിട്ടു. ടാറ്റ സ്റ്റീൽസ് 2 ശതമാനത്തോളവും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ മൂന്നു ശതമാനത്തോളവും ടൈറ്റൻ ഒന്നര ശതമാനത്തോളവും ടാറ്റ എൽക്സി രണ്ടു ശതമാനത്തോളവും നഷ്ടത്തിലാണ്.