Headlines

മഴമേഘങ്ങൾ ഒഴിഞ്ഞാൽ ആകാശത്ത് അതിശയപൂരം! ‘പെഴ്സിഡ്’ ഉൽക്കാപ്രവാഹം,കാണേണ്ട സമയവും വിവരങ്ങളും അറിയാം…

 

ഇനിയുള്ള രണ്ട് നാളുകൾ (ഓഗസ്റ്റ് 11, 12) പാതിരാവിന് ശേഷം ആകാശത്ത് അതിമനോഹരമായ പെഴ്സിഡ് ഉൽക്കാപ്രവാഹം നിരീക്ഷിക്കാം. മഴമേഘങ്ങൾ അല്പം മാറി നിന്നാൽ വെറും കണ്ണു കൊണ്ട് തന്നെ ഈ ഉൽക്കാ വർഷം വളരെ മനോഹരമായികാണാം. എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം വാരത്തോട് അടുത്ത് ഈ പ്രവാഹം കാണാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രധാന്യം ഏറെ ശ്രദ്ധേയമാണ്. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് കറുത്ത വാവു ദിവസം ഈ ഉൽക്കാപ്രവാഹം അതിന്റെ പാരമ്യത്തിലെത്തുന്നത്.ഇരുട്ടിന് കട്ടികൂടുന്നതിനനുസരിച്ച് ഉൽക്കകളുടെ തിളക്കം കൂടുന്നതായികാണാം. പൊതുവെ വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായി പരിഗണിക്കപ്പെടുന്ന കർക്കടകവാവും അന്നേ ദിവസമാണ്. ഇന്ത്യയിൽ ദൃശ്യമല്ലെങ്കിലും ഓഗസ്റ്റ് 12 ന് പൂർണ്ണ സൂര്യഗ്രഹണം കൂടിയാണ്. കേരളത്തിലുള്ളവരെ സംബന്ധിച്ചടുത്തോളം ഓഗസ്റ് 12 ന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഗഗനചാരി അനിൽ മേനോനും കൂട്ടകാരും സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശനിലയം അന്നേ ദിവസം അതിരാവിലെ 5.15 മുതൽ 5. 19 വരെ തെക്കുപടിഞ്ഞാറൻ മാനത്ത് നിന്ന് വടക്കു കിഴക്കൻ മാനത്തേക്ക് സഞ്ചരിക്കുന്നത് കാണാം.

 

ഏതാണ്ട് 4 മിനിട്ട് സമയം ശുക്രഗ്രഹത്തോളം തിളക്കത്തിൽ ഇത് കാണപ്പെടും. സൂര്യനു ചുറ്റുമുള്ള സഞ്ചാരപാതയിൽ, സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽനക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ ഉൽക്കാപ്രവാഹം ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങൾ അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഘർഷണം മൂലം കത്തുകയും ചെയ്യുമ്പോഴാണ് ആകാശത്ത് തീയമ്പുകൾ പോലെ ഉൽക്കകൾ കാണപ്പെടുന്നത്.സാധാരണ ദിവസങ്ങളിൽ മണിക്കൂറിൽ 5-8 ഉൽക്കകളെ കാണാമെങ്കിലും ഉൽക്കാപ്രവാഹ സമയങ്ങളിൽ ഇത് വളരെ കൂടുതലായി കാണാം. പെഴ്സിഡ് പ്രവാഹത്തിൽ മണിക്കൂറിൽ 50-100 ഉൽക്ക വരെ കാണാറുണ്ട്. ഇക്കാലത്ത് പാതിരാവിന് ശേഷം ശേഷം വടക്ക് കിഴക്കൻ മാനത്ത് ഉദിക്കുന്ന പെഴ്സ്യൂസ് നക്ഷത്ര ഗണത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഈ പ്രവാഹം വരുന്നതായി കാണപ്പെടുക. അതുകൊണ്ടാണിതിന് പെഴ്സിഡ് എന്ന പേര് കിട്ടിയത്. ഉൽക്കകൾ പ്രത്യക്ഷപ്പെടുന്നതായി കാണുന്ന പ്രത്യേക ഭാഗത്തെ റേഡിയന്റ് എന്നറിയപ്പെടും. പക്ഷെ റേഡിയന്റിൽനിന്ന് 40 -45 ഡിഗ്രി അകലെ മാനത്തെവിടെയും ഭംഗിയായി ഉൽക്കകൾ കാണാം.

 

എങ്ങനെ കാണണമെന്നറിയാമോ?

പ്രകാശ മലിനീകരണം കുറവുള്ള നാട്ടിൻ പുറങ്ങളിൽ കാഴ്ച്ച കൂടുതൽ ഭംഗിയാവും. വിശാലമായ മൈതാനമോ ടെറസ്സോ നിരീക്ഷണ വേദിയാക്കാം. ഏതാണ്ട് 20 മിനിട്ട് ഇരുട്ടിൽ നിന്നുകൊണ്ട് കണ്ണിനെ ഇരുട്ടുമായി താദാത്മ്യം വരുത്തേണ്ടതുണ്ട്. ഒരുമണിക്കൂറിൽ എത്ര ഉൽക്കകൾ കണ്ടു എന്ന് രേഖപ്പെടുത്തുന്നത് നല്ലതാണ്.ഏറെ തിളക്കമുള്ള ഉൽക്കകളെ തീക്കുടുക്കകൾ അഥവാ ബൊളൈഡുകൾ എന്നറിയപ്പെടുന്നു. നാം കാണുന്ന ഉൽക്കകൾ അധികവും ഏതാണ്ട് 70-100 കി.മീ ഉയരത്തിലായിരിക്കും.അതുകൊണ്ടു തന്നെ കോഴിക്കോട്ടുകാർ കാണുന്ന അതേ ഉൽക്കയായിരിക്കില്ല എറണാകുളത്തുള്ളവർ കാണുന്നത്. ചിലപ്പോൾ നാം കാണുന്ന ഉൽക്കകളെ ലോകത്തു മറ്റൊരാളും കണ്ടെന്നുമിരിക്കില്ല.