സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമാനം മാറി കയറിയതായി റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് ട്രംപിനെ തുര്‍ക്കിയില്‍ നിന്ന് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങളുടെയും ക്യാമറകളുടെയും മുന്നില്‍ വെച്ച് ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണില്‍ കയറിയ ട്രംപിനെ, വിമാനത്താവളത്തിലെ കാറ്ററിംഗ് ട്രക്ക് ഉപയോഗിച്ചാണ് രഹസ്യമായി ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റിയത്. (Trump hid in catering cart to board secret flight in Turkey amid Iran threat)
ജൂലൈ എട്ടിന് തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു സംഭവം. ട്രംപിനും സഞ്ചരിക്കുന്ന വിമാനത്തിനും നേരെ ഇറാനില്‍ നിന്ന് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. സുരക്ഷ മുന്നില്‍ക്കണ്ട് ട്രംപിന്റെ യഥാര്‍ഥ യാത്ര മറച്ചുവെക്കാന്‍ രഹസ്യാന്വേഷണ വിഭാഗം വിപുലമായ പ്ലാന്‍ തയ്യാറാക്കിയെന്നാണ് വിവരം.ക്യാമറകള്‍ക്ക് മുന്നില്‍ ട്രംപ് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലേക്ക് കയറി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും മറ്റ് ഉദ്യോഗസ്ഥരും വിമാനത്തില്‍ ഇരിക്കെ, ട്രംപിനെയും ഏതാനും സഹായികളെയും വിമാനത്തിന്റെ എതിര്‍വശത്തെ വാതിലിലൂടെ ഹൈഡ്രോളിക് സംവിധാനമുള്ള ഒരു എയര്‍പോര്‍ട്ട് കാറ്ററിംഗ് ട്രക്കിലേക്ക് മാറ്റി. ട്രക്കില്‍ കൊണ്ടുപോയശേഷം മറ്റൊരു ചെറിയ യുഎസ് എയര്‍ഫോഴ്സിന്റെ സി-32 എ എന്ന സൈനിക വിമാനത്തിലേക്ക് ട്രംപിനെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരുമായി പഴയ എയര്‍ ഫോഴ്സ് വണ്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ട്രംപുമായി സൈനിക വിമാനം യുകെയിലെ മില്‍ഡന്‍ഹാള്‍ വ്യോമതാവളത്തിലേക്ക് തിരിച്ചു. സി 32- എ-യില്‍ നിന്നും തിരികെ ട്രംപിനെ പഴയ എയര്‍ഫോഴ്സ് വണ്ണിലെത്തിച്ചത് എങ്ങനെയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നില്ല. പഴയ എയര്‍ഫോഴ്സ് വണ്ണില്‍ നിന്നും ട്രംപ് പുറത്തിറങ്ങിയശേഷം ഖത്തര്‍ നല്‍കിയ പുതിയ എയര്‍ഫോഴ്സ് വണ്ണിലാണ് ബ്രിട്ടനില്‍ നിന്നും ട്രംപ് വാഷിങ്ടണ്ണിലേക്ക് പോയത്.






