കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് കോതമംഗലം കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം റൂറൽ പൊലീസ് എടുത്ത രണ്ട് കേസിലും അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാമെന്ന പൊലീസ് റിപ്പോർട്ടും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് വാദം. ആയങ്കിക്കെതിരെയുള്ള കേസ് വിവരങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. കോതമംഗലം പൊലീസ് എടുത്ത കേസ് കെട്ടിച്ചമച്ചത് എന്നാണ് അർജുന്റെ നിലപാട്. ഈ കേസിന് പിന്നലെയാണ് അർജുൻ ആയങ്കി കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയത്. എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തിയ കേസിൽ ഗുരുതരമായ ക്രിമിനൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നൽകിയ അപേക്ഷ തലശേരി സിജെഎം കോടതി ഇന്ന് പരിഗണിക്കും. കണ്ണൂർ സൈബർ ക്രൈം പൊലീസ് അഞ്ചു ദിവസത്തെക്കാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. അർജുന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നാണ് പൊലീസ് ആവശ്യം. ഇന്നലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ് പിടിച്ചെടുത്തിരുന്നു. ഇത് ഫോറെൻസിക് പരിശോധനക്ക് അയക്കും.









