ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി.ജി മോഹൻദാസിന് സൈബർ പൊലീസിന്റെ വീഴ്ചയിൽ ജാമ്യം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതിക്ക് ആദ്യം നോട്ടിസ് നൽകണമെന്ന സുപ്രീം കോടതിയുടെ നിർബന്ധിത നിർദേശം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർച്ചയായി അടുത്ത മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അധിക്ഷേപ പരാമർശത്തിൽ പരാതി ലഭിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ കേസെടുത്തത്. കേസെടുത്ത് പത്തു ദിവസം കഴിഞ്ഞിട്ടും തുടർ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഇന്നലെ കൊച്ചിയിലെ വീട്ടിലെത്തി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് വീഴ്ച മൂലം പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. നോട്ടിസ് അയച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന ന്യായമാണ് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമ ലംഘനം ബോധപൂർവമാണെന്ന് വ്യക്തമായതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.പൊലീസിന്റെ വീഴ്ച്ച പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരിലൊരാളായ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ . കർശന ഉപാധികളോടെയാണ് ജാമ്യം. നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.അടുത്ത രണ്ട് മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പുവെക്കണം. ജാമ്യകാലയളവിൽ സമാനമായ യാതൊരു കേസുകളിലും പ്രതിയാകാൻ പാടില്ല.അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും പൊലീസ് ആവശ്യപ്പെടുമ്പോൾ പൂർണ്ണമായി സഹകരിക്കണമെന്നും തിരുവനന്തപുരം ACJM കോടതി ഉത്തരവിട്ടു.








