തിരുവനന്തപുരം ∙ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ട തസ്തികകളിൽ നിയമിക്കാനായി 2 വർഷം കഴിഞ്ഞിട്ടും ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പൊതുവിഭാഗത്തിൽനിന്ന് നിയമനം നടത്താമെന്നു സർക്കാർ ഉത്തരവ്. കഴിഞ്ഞ മേയ് 31 വരെയാണ് 2 വർഷം കണക്കാക്കേണ്ടത്. ഇതിനുമുൻപ് ഭിന്നശേഷിക്കാർക്കായി തയാറാക്കിയ റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമന ശുപാർശ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച ഒഴിവിൽ മുൻപ് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകരെ ഭിന്നശേഷിക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ ഒഴിവാക്കണം. ഇവർക്ക് ഒഴിവാകുന്ന ദിവസം മുതൽ സ്ഥിരനിയമനം നൽകാൻ മാനേജർക്ക് അവകാശമുണ്ട്.ദിവസവേതന കാലയളവു കൂടി ചേർത്ത് ഇവർക്ക് നിയമന അംഗീകാരം നൽകാമെങ്കിലും ഇൗ കാലയളവിലെ മറ്റ് സർവീസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. കഴിഞ്ഞ മേയ് 31ന് 2 വർഷം പൂർത്തിയാക്കാത്ത ഭിന്നശേഷി ഒഴിവുകൾ വീണ്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് റിപ്പോർട്ട് ചെയ്യണം. ഉദ്യോഗാർഥികളെ ലഭിക്കുമ്പോൾ റൊട്ടേഷൻ പ്രകാരം നിയമനം നടത്താം. ഭിന്നശേഷി സംവരണത്തിനായി ആദ്യം വിട്ടുനൽകിയ തസ്തിക മാറ്റി പകരം മറ്റൊരു തസ്തിക ലഭ്യമാക്കാൻ മാനേജർക്ക് അനുമതി നൽകും. എന്നാൽ, ഭിന്നശേഷിക്കാർ ലഭ്യമല്ലാത്ത ഒഴിവുകൾ തിരഞ്ഞെടുക്കാൻ മാനേജർമാർക്ക് അനുമതി നൽകരുത്. ഭിന്നശേഷിക്കാർക്കു ഗുണകരമാകുന്ന തരത്തിലാകണം തീരുമാനങ്ങൾ.
2 വർഷം കഴിഞ്ഞ എല്ലാ ഒഴിവുകളും ഇൗ മാസം 17ന് മുൻപ് റിപ്പോർട്ട് ചെയ്യണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ഉദ്യോഗാർഥികളുടെ വിവരങ്ങൾ 24ന് മുൻപ് ജില്ലാ സമിതി കൺവീനർമാർക്ക് നൽകണം. ഉദ്യോഗാർഥികളുടെ ഡേറ്റ അടുത്തമാസം 3ന് മുൻപ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ സമന്വയയിൽ ചേർക്കണം. 2 വർഷം കഴിഞ്ഞ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികൾ അടുത്തമാസം 10ന് മുൻപാണ് ഓപ്ഷൻ നൽകേണ്ടത്. ഉദ്യോഗാർഥികളുടെ പരിശോധന അടുത്ത മാസം 17ന് മുൻപ് ജില്ലാ സമിതികൾ പൂർത്തിയാക്കുകയും 22ന് മുൻപ് നിയമന ശുപാർശ നൽകുകയും വേണം. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ എയ്ഡഡ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണു നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുന്നത്.








