Headlines

ഒരു വർഷമായി നിയമനം നടക്കുന്നില്ല; ‘മണ്ണ് തിന്ന്’ എൽപി സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം

 

സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. നിയമനം നടക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി പ്രതിഷേധം നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരവുമായി വീണ്ടും രംഗത്തെത്തിയത്.

 

 

കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ ലിസ്റ്റ് വന്ന് ഒരു വർഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിച്ച്, വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

 

ഇടത് സർക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു.2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.