Headlines

വാതിൽ തുറന്നപ്പോൾ വീട്ടുമുറ്റത്തു കയർ ചവിട്ടിയുമായി മന്ത്രി; വീടുകളിൽ നേരിട്ടെത്തി കയറുൽപന്ന വിൽപന നടത്തി രമേശ് ചെന്നിത്തല

 

ആലപ്പുഴ ∙ വാതിൽ തുറന്നപ്പോൾ വീട്ടുമുറ്റത്തു കയർ ചവിട്ടിയുമായി മന്ത്രി. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണു വീടുകളിലേക്കു നേരിട്ടെത്തി കയറുൽപന്ന വിൽപനയ്ക്ക് മന്ത്രി രമേശ് ചെന്നിത്തല തുടക്കമിട്ടത്. കയർ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം ലക്ഷ്യമിട്ടാണു പദ്ധതി തുടങ്ങിയത്.

 

മുറ്റത്തു മന്ത്രിയെ കണ്ടതോടെ വീട്ടുകാർക്ക് അദ്ഭുതവും സന്തോഷവും. സിവിൽ സ്റ്റേഷൻ വാർഡിൽ നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ എ.എം.നൗഫലിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ സൈനയ്ക്കും മകൾ ഹൈഫാ മറിയത്തിനും കയർ ഉൽപന്നം കൈമാറി മന്ത്രി ആദ്യ വിൽപന നിർവഹിച്ചു. തുടർന്ന് പ്രദേശത്തെ വിവിധ വീടുകളിലെ ഉൽപന്ന വിൽപനയിലും പങ്കെടുത്തു. കയർ കോർപറേഷൻ തയാറാക്കിയ മാറ്റുകളാണ് പദ്ധതിയുടെ ഭാഗമായി വീടുകളിലെത്തിച്ചത്.

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു കയർ ഉൽപന്നമെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കയർ ഉൽപന്നങ്ങൾക്ക് 50% വിലക്കുറവുണ്ടാകും. സർക്കാർ ഓഫിസുകൾ വഴി ഉൽപന്നങ്ങൾ വാങ്ങാൻ സൗകര്യമുണ്ടാകും. ഫെബ്രുവരി 9 വരെ നീളുന്ന ആറു മാസത്തെ വിപണന പരിപാടിയിലൂടെ 30 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

 

സർക്കാരിന്റെ ശ്രമം കയർ മേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ ∙ കയർ മേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിനു കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും മന്ത്രി രമേശ് ചെന്നിത്തല. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ചകിരിച്ചോർ ഉൽപാദനത്തിനായി പ്രത്യേക സ്കീം ആലോചിക്കുന്നു. 443 കയർ സംഘങ്ങൾക്ക് പ്രവർത്തനക്ഷമത വിലയിരുത്തി 4.56 കോടി രൂപ മൂലധനമായി നൽകും. കയർ ഭൂവസ്ത്രം വിതരണം ചെയ്ത വകയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കുടിശികയായി നൽകാനുള്ള 68 കോടിയിൽ 41 കോടി രൂപ ഇതിനകം നൽകി. കയർഫെഡും കയർ കോർപറേഷനും സംഘങ്ങൾക്ക് നൽകാനുള്ള കയർ വില കുടിശികയിൽ 12 കോടിയിൽ 10.95 കോടി രൂപ നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. തൊഴിലെടുക്കാൻ കഴിയാത്ത കയർ തൊഴിലാളികൾക്ക് ഓണത്തിന് എന്തെങ്കിലും നൽകണമെന്ന കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ചു തൊഴിലാളികളുമായും മാനേജുമെന്റുകളായും ചർച്ച ചെയ്തു പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

 

കയർ ആനുകൂല്യവിതരണം കെ.സി നിർവഹിച്ചു

ആലപ്പുഴ ∙ പദ്ധതിയുടെ ലോഗോ പ്രകാശനവും ആനുകൂല്യ വിതരണവും കെ.സി.വേണുഗോപാൽ എംപി നിർവഹിച്ചു. കയറിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞിട്ട് ഒരുപാട് നാളായി എന്നും കയർ തൊഴിലാളികളുടെ ക്ഷേമത്തിനു മുൻഗണന കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും എംപി പറഞ്ഞു. കയർസംഘങ്ങൾ ഒരു സാമ്പത്തിക വർഷം വിപണനം നടത്തിയ തുകയുടെ 10 ശതമാനം പിഎംഐ ആയി നൽകുന്ന പദ്ധതി പ്രകാരം ആലപ്പുഴ കയർ പ്രോജക്ട് പരിധിയിൽ ഉൾപ്പെട്ട മായിത്തറ ബാപ്പുജി സിവിസിഎസ്, കഞ്ഞിക്കുഴി സിഎംഎസി ലിമിറ്റഡ്, മാതൃക സിഎംഎസി എന്നിവയ്ക്കുള്ള തുക എംപി വിതരണം ചെയ്തു. തൊഴിലാളികളുടെ കൂലി സർക്കാർ 350ൽ നിന്ന് 400 ആയി ഉയർത്തിയതിന്റെ 50 ശതമാനം സർക്കാർ ഗ്രാന്റായി നൽകുന്നതിന്റെ ഭാഗമായി ആലപ്പുഴ കയർ പ്രോജക്ടിലെ 73ൽ അധികം സംഘങ്ങളിൽ നിന്ന് 7 സംഘങ്ങൾക്കുള്ള സർക്കാർ വിഹിതവും എംപി വിതരണം ചെയ്തു. ആദ്യ വിൽപന മന്ത്രി രമേശ് ചെന്നിത്തലയും കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാറും ചേർന്നു നിർവഹിച്ചു. കുടപ്പനക്കുന്നിലെ ദേശീയ കയർ ഗവേഷണ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച പുതിയ ഉൽപന്നമായ കൊയ്റോ ഇക്കോ ഫ്രണ്ട്‌ലി ലാപ്ടോപ് കൂളിങ് പാഡ് ഡയറക്ടർ ഡോ. അഭിഷേകിനു നൽകി മന്ത്രി രമേശ് ചെന്നിത്തല പുറത്തിറക്കി.ജി.സുധാകരൻ എംഎൽഎ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷ സി.ജ്യോതിമോൾ, നഗരസഭാ അംഗങ്ങളായ ആർ.അംജിത് കുമാർ, എസ്.നാസിയ, എം.എസ്.സർജു, കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എ.അബ്ദുൽ സലാം ലബ്ബ, കയർ വികസന ഡയറക്ടർ സമീർ കിഷൻ, കയർ കോർപറേഷൻ എംഡി പ്രതീഷ് ജി.പണിക്കർ, കയർഫെഡ് എംഡി ശശികുമാർ എന്നിവർ മന്ത്രിയോടൊപ്പം വീടുകയറിയുള്ള വിൽപനയിൽ പങ്കെടുത്തു.

 

കൗൺസിലർ ബിന്ദു തോമസ്, കയർ ഡയറക്ടർ സമീർ കിഷൻ, കയർ കോർപറേഷൻ എംഡി പ്രതീഷ് ജി.പണിക്കർ, കയർ ഫെഡ് എംഡി ശശികുമാർ, കയർ വികസന വകുപ്പ് അഡിഷനൽ ഡയറക്ടർ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് എന്നിവർ പ്രസംഗിച്ചു.