റാഞ്ചി ∙ പരീക്ഷാക്രമക്കേട് നടന്ന ജാർഖണ്ഡിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ആകെയുള്ള 3 പിഎസ്സി അംഗങ്ങളും രാജിവച്ചു. 16 ദിവസമായി നടന്നുവന്ന ‘പാറ്റ മോഡൽ’ വിദ്യാർഥി പ്രക്ഷോഭത്തിന്റെ വിജയമാണിത്. അതേസമയം മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച പറഞ്ഞു.ഏപ്രിൽ 19ന് നടന്ന ജാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഈ കേസിൽ 19 പേർ അറസ്റ്റിലായി. കഴിഞ്ഞ 22ന് രാജിവച്ച പിഎസ് സി ചെയർമാൻ കിൻഗ്തെയെ പൊലീസ് 4 തവണ ചോദ്യം ചെയ്തു. ഡോ. അജിത ഭട്ടാചാര്യ, ഡോ. അനിമ ഹൻസ്ദ, ഡോ. ജമാൽ അഹമ്മദ് എന്നീ അംഗങ്ങളാണ് ഇന്നലെ രാജിവച്ചത്. പരീക്ഷത്തട്ടിപ്പുകളെപ്പറ്റി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും.അതിനിടെ 6 പേർ നടത്തുന്ന നിരാഹാര സമരം 8 ദിവസം പിന്നിട്ടു. സമരക്കാരുടെ 98% ആവശ്യവും അംഗീകരിച്ചതായി വിദ്യാഭ്യാസമന്ത്രി സുധീവ്യ കുമാർ പറഞ്ഞു. പരീക്ഷത്തട്ടിപ്പ് കേസുകൾ 90 ദിവസത്തിനുള്ളിൽ തീർക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.









