കോട്ടയം ∙ ഏറ്റുമാനൂരിൽ അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ മോഷണം. ഞായറാഴ്ച രാവിലെ ഹെൽമറ്റ് ധരിച്ചെത്തിയ എട്ടംഗ സംഘം വടിവാൾ വീശി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. അതിഥിത്തൊഴിലാളികളിൽനിന്നും ഒരുലക്ഷം രൂപയും 5 മൊബൈൽ ഫോണുകളും കവർന്നു. ഇവർ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 33 പേരാണ് ഇവിടെ താമസിച്ചിരുന്നത്. എടിഎം കാർഡുകളും കവർച്ചക്കാർ തട്ടിയെടുത്തതായി സൂചനയുണ്ട്. കാർഡുകൾ കൈവശപ്പെടുത്തിയ സംഘം പിൻ നമ്പറുകൾ പ്രത്യേകം എഴുതി വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.ഏറ്റുമാനൂരിലെ പൂവത്തുംമൂട് എന്ന സ്ഥലത്ത് ആറ് വർഷമായി വീട് വാടകയ്ക്ക് എടുത്തു താമസിച്ചിരുന്ന അസമിൽ നിന്നെത്തിയ തൊഴിലാളികളാണ് കവർച്ചയ്ക്ക് ഇരയായത്. അക്രമികളെ ഭയന്ന് മുറിയിൽ കയറിയ അതിഥിത്തൊഴിലാളികൾക്ക് മേൽ കവർച്ചക്കാർ കുരുമുളക് സ്പ്രേ അടിച്ചു. തുടർന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരാഴ്ച ജോലി ചെയ്ത കൂലി ശനിയാഴ്ചയാണ് ലഭിച്ചത്. ഇത് മനസ്സിലാക്കിയാണ് കവർച്ചക്കാർ എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയാൻ സമീപത്തെ സിസിടിവി അടക്കം പരിശോധിച്ചു.








