Headlines

‘അവൻ ദുബായിലെത്തിയിട്ട് പുറത്ത് കണ്ടിട്ടില്ല’: ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണായകം; ആസിഫിനെ കേരളത്തിലെത്തിക്കാൻ ഇനി എന്ത്?

 

ദുബായ് ∙ കണ്ണൂർ പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുൽ റിസ(20)യുടെ ആത്മഹത്യാക്കേസിൽ ഭർത്താവ് ആസിഫ് ദുബായിലെത്തിയതോടെ അന്വേഷണ സംഘം ഇനി എന്ത് നിയമനടപടിയായിരിക്കും സ്വീകരിക്കുമെന്ന ആകാംക്ഷയിൽ പ്രവാസലോകം. അതേസമയം ഭാര്യയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കേസിൽ തലശ്ശേരി സെഷൻസ് കോടതി ആസിഫിന് മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് കേരളത്തിലെത്തിക്കാനുള്ള നിയമസാധ്യതയും ചർച്ചയാകുന്നുണ്ട്.ജൂലൈ 28നാണ് ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴായിരുന്നു മരണം. ഭാര്യയുടെ മരണവിവരം അറിഞ്ഞ് ദുബായിൽനിന്ന് നാട്ടിലെത്തിയ ആസിഫ് സംസ്കാരച്ചടങ്ങുകൾക്കു ശേഷം യുഎഇയിലേക്ക് മടങ്ങുകയായിരുന്നു. ദുബായിലെ ടൈപ്പിങ് സെന്ററിലാണ് ആസിഫ് ജോലി ചെയ്യുന്നത്. എന്നാൽ, ഇവിടെ തിരിച്ചെത്തിയ ശേഷം ആസിഫിനെ ആരും വെളിയിൽ കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.മരണത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് റിസയുടെ ആത്മഹത്യാക്കുറിപ്പും സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശവും പൊലീസിന് ലഭിച്ചത്. ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ചെയ്തതിനെ തുടർന്ന് തനിക്ക് മാനസികവും ശാരീരികവുമായ പീഡനം നേരിട്ടതായി റിസ പറഞ്ഞിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

 

റിസയുടെ കുടുംബവും ഭർതൃവീട്ടുകാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. റിസ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളും നേരത്തെയുണ്ടായ ആത്മഹത്യാശ്രമവും മറച്ചുവയ്ക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഇവയുൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷണഘട്ടത്തിലാണ്; കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 

∙ ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണായകം

മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തലശ്ശേരി സെഷൻസ് കോടതി അന്വേഷണത്തിൽ ശേഖരിച്ച വിവരങ്ങളിൽ ആസിഫിന്റെ പങ്ക് സംബന്ധിച്ച് പ്രാഥമിക തെളിവുകളുണ്ടെന്ന് വിലയിരുത്തി. ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും ഇതിൽ പ്രധാനപ്പെട്ടതായി കോടതി പരിഗണിച്ചു.അതേസമയം, ആസിഫിന്റെ മാതാപിതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങളൊന്നും ഇല്ലെന്നും നിലവിലെ അന്വേഷണഘട്ടത്തിൽ അവരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മാതാപിതാക്കൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.∙ ആസിഫിനെ തിരിച്ചെത്തിക്കാൻ ഇനി എന്ത്?

ആസിഫ് യുഎഇയിൽ തുടരുന്നതിനാൽ കേരള പൊലീസിന് നേരിട്ട് ദുബായിലെത്തി അറസ്റ്റ് ചെയ്യാനാകില്ലെന്നും ഇന്ത്യയിൽ നിന്നുള്ള നിയമനടപടികളിലൂടെ യുഎഇയുടെ സഹകരണം തേടേണ്ടിവരുമെന്നും യുഎഇയിലെ മലയാളി നിയമവിദഗ്ധർ പറയുന്നു.

 

കേരള പൊലീസ് ആദ്യം കേസിലെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽനിന്ന് ആവശ്യമായ അറസ്റ്റ് വാറന്റ് ഉൾപ്പെടെയുള്ള ഉത്തരവുകൾ നേടേണ്ടിവരും. തുടർന്ന് ഇന്ത്യയിലെ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ വഴി യുഎഇ അധികാരികൾക്ക് ആസിഫിനെ ഇന്ത്യയിലേക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക അപേക്ഷ നൽകാം.

 

ഇന്ത്യയും യുഎഇയും തമ്മിൽ 1999ലെ കുറ്റവാളി കൈമാറ്റ കരാർ നിലവിലുണ്ട്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് യുഎഇയോട് പ്രതിയെ കൈമാറാൻ ആവശ്യപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ ഔപചാരിക എക്സ്ട്രഡിഷൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താൽക്കാലിക അറസ്റ്റ് ആവശ്യപ്പെടാനുള്ള നടപടിക്രമവും നിലവിലുണ്ട്. ഇത്തരം നടപടികളിൽ കേരള പൊലീസ് മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഉൾപ്പെടും. യുഎഇയിലെ ബന്ധപ്പെട്ട അധികാരികൾ അപേക്ഷ പരിശോധിച്ച ശേഷമായിരിക്കും തുടർനട

പടി.∙ ലുക്ക് ഔട്ട് സർക്കുലർ കൊണ്ട് മാത്രം ദുബായിൽനിന്ന് മടക്കാനാകില്ല

ആസിഫിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ലുക്ക് ഔട്ട് സർക്കുലർ എന്നത് യുഎഇയിൽനിന്ന് ഒരാളെ നിർബന്ധമായി ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവല്ലെന്ന് പ്രമുഖ അഭിഭാഷകയും സോഷ്യൽ ആക്ടിവിസ്റ്റുമായ പ്രീത ശ്രീറാം മാധവ് പറഞ്ഞു.ആസിഫ് ഇന്ത്യയിലെത്തുന്ന സാഹചര്യമുണ്ടായാൽ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശനകവാടങ്ങളിലും ഇയാളെ തടഞ്ഞുനിർത്തി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് ഇത് സഹായകമാകും. എന്നാൽ ദുബായിൽ തുടരുന്ന ആസിഫിനെ അവിടെനിന്ന് പിടികൂടി കേരളത്തിലെത്തിക്കാൻ എക്സ്ട്രഡിഷൻ നടപടികളാണ് ആവശ്യമായി വരിക.

 

ഇന്ത്യക്കും യുഎഇക്കും ക്രിമിനൽ കേസുകളിൽ പരസ്പര നിയമസഹായത്തിനുള്ള സംവിധാനവുമുണ്ട്. തെളിവുകളും രേഖകളും ശേഖരിക്കുന്നതിനും അന്വേഷണത്തിന് ആവശ്യമായ നിയമസഹായം തേടുന്നതിനും ഇത് ഉപയോഗിക്കാം. എന്നാൽ നിയമസഹായം തേടുന്നത് പ്രതിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന നടപടിയല്ല. അതിന് എക്സ്ട്രഡിഷൻ നടപടിയാണ് പ്രസക്തം.

 

∙ ‘വിവാഹജീവിതം സന്തോഷകരമായിരുന്നു’– പ്രതിഭാഗം

അതിനിടെ, റിസയുമായുള്ള വിവാഹജീവിതം സന്തോഷകരമായിരുന്നുവെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ആസിഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദുബായിൽനിന്ന് നാട്ടിലെത്തി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തതാണെന്നും ജോലി കാരണമാണ് പിന്നീട് യുഎഇയിലേക്ക് മടങ്ങിയതെന്നും പ്രതിഭാഗം വ്യക്തമാക്കി. മൂന്നു പ്രതികളെയും കേസിൽ തെറ്റായി ഉൾപ്പെടുത്തിയതാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ലഭ്യമായ അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആസിഫിന്റെ പങ്ക് സംബന്ധിച്ച് പ്രാഥമിക തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

 

ഇനി ആസിഫ് സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെങ്കിൽ, യുഎഇ–ഇന്ത്യ കുറ്റവാളി കൈമാറ്റ കരാർ പ്രകാരമുള്ള നടപടികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വഴി. യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇയാളെ കേരളത്തിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ആസിഫിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണഘട്ടത്തിലാണ്. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല