Headlines

പാക്കിസ്ഥാൻ ഭയപ്പെടുന്ന ‘ധുരന്ധർ’ പോരാട്ടങ്ങൾ; 30ലധികം ഭീകരവാദികളെ ഇന്ത്യൻ രഹസ്യാന്വേഷണ ശൃംഖല വധിച്ചെന്ന് പരസ്യമായി സമ്മതിച്ച ഭീകരർ

 

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നീക്കങ്ങളെയും വിദേശമണ്ണിലെ ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളെയും ആസ്പദമാക്കി നിർമിച്ച ‘ധുരന്ധർ’ എന്ന സിനിമയിലെ ഇതിവൃത്തത്തെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 30ലധികം ഭീകരവാദികൾ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വച്ച് കൊല്ലപ്പെട്ടുവെന്ന് ലഷ്കറെ തയ്ബ നേതാവായ റിസ്വാൻ ഹനീഫ് പരസ്യമായി വെളിപ്പെടുത്തിയത് വലിയ വാർത്തയായിരിക്കുകയാണ്.’ധുരന്ധർ’ എന്ന സിനിമയിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ദൗത്യമേൽപ്പിച്ച് പാക്കിസ്ഥാനിലെ അധോലോക ഗ്രൂപ്പുകളിലേക്ക് അയക്കുന്നതും, അവൻ വ്യാജ പേരിൽ അവിടെ നുഴഞ്ഞുകയറി 26/11 ആക്രമണത്തിന്റെ സൂത്രധാരന്മാർക്കെതിരെ പ്രതികാരം വീട്ടുന്നതുമാണ് കഥാതന്തു. സിനിമയിലെ ഈ നിഴൽയുദ്ധങ്ങൾ തിയേറ്ററുകളിൽ ആവേശം വിതറുമ്പോൾ, അതിനോട് സമാനമായ സംഭവവികാസങ്ങൾ യഥാർത്ഥ ജീവിതത്തിലും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്.പാകിസ്ഥാൻ ഏജന്റുമായി പ്രണയത്തിലാകുന്ന എലൈറ്റ് റോ ഏജന്റായ അവിനാഷ് സിംഗ് റാത്തോഡിന്റെ കഥ പറഞ്ഞ ‘ഏക് ഥാ ടൈഗർ'(ഈ സിനിമയുടെ പരസ്യവും ട്രെയിലറുകളും പ്രക്ഷേപണം ചെയ്യുന്നത് പാക്കിസ്ഥാനിൽ വിലക്കിയിട്ടുണ്ട്), പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ ചോർത്താൻ അണ്ടർകവർ ഏജന്റായി വിവാഹം കഴിച്ചയച്ച സെഹ്മിയുടെ യാഥാർഥ്യത്തോട് അടുത്ത കഥ പറഞ്ഞ ‘റാസി’, ‘റോമിയോ അക്ബർ വാൾട്ടർ’, സ്പൈ-യൂണിവേഴ്സിന്റെ ഭാഗമായ ‘പത്താൻ’ തുടങ്ങിയ സിനിമകളെല്ലാം റോ ഏജന്റുമാരുടെ സാഹസികതയും സിനിമ ലോകത്ത് ജനപ്രിയമാക്കി. എന്നാൽ സിനിമയിലെ ഈ മാസ് രംഗങ്ങളേക്കാൾ അപ്പുറം, യഥാർത്ഥത്തിൽ വിദേശമണ്ണിലെ ശത്രുക്കളെ ഭയപ്പെടുത്തുന്ന ചില നിഴൽ പോരാട്ടങ്ങൾ നടക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു.ലഷ്കർ-ഇ-തൊയ്ബയുടെമുതിർന്ന ഓപ്പറേറ്റീവ് റിസ്വാൻ ഹനീഫ് അടുത്തിടെ നടത്തിയ പരസ്യ പ്രസംഗമാണ് ഇതിൽ പ്രധാനം. 2020 മുതൽ ഇതുവരെ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വച്ച് തങ്ങളുടെ മുപ്പതിലധികം ഭീകരവാദികൾ കൊല്ലപ്പെട്ടതായി ഹനീഫ് ഒരു പൊതുസമ്മേളനത്തിൽ തുറന്നുസമ്മതിച്ചു. പെഷവാർ, കറാച്ചി, റാവൽപിണ്ടി, മുസാഫറാബാദ്, റാവലാകോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് തങ്ങളുടെ പ്രധാന നേതാക്കളും കേഡർമാരും കൊല്ലപ്പെട്ടു എന്നും, ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്നുമാണ് ഹനീഫ് ആരോപിക്കുന്നത്. വിദ്വേഷ പ്രത്യയശാസ്ത്രങ്ങളെ ന്യായീകരിക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിച്ചുകൊണ്ട് നടത്തിയ ഈ പ്രസംഗം, ഭീകര സംഘടനകൾ നേരിട്ട വൻ തിരിച്ചടിയുടെ പരസ്യമായ കുറ്റസമ്മതം കൂടിയായി മാറുകയായിരുന്നു.

 

സിനിമകളിൽ കാണുന്നതിനേക്കാൾ സങ്കീർണ്ണവും സവിശേഷവുമായ ഘടനയിലാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ-ചാര ശൃംഖല പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ ഏത് നീക്കവും തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസികൾ ഇവയാണ്:

 

എൻടിആർഒ

ഇന്ത്യൻ രഹസ്യാന്വേഷണ സംവിധാനത്തിന്റെ സാങ്കേതിക സൂപ്പർ ഫീഡർ ആണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന എൻടിആർഒ. ഇലക്ട്രോണിക് ഇന്റലിജൻസ്, സാറ്റലൈറ്റ്/വ്യോമ നിരീക്ഷണം, അഡ്വാൻസ്ഡ് സൈബർ സർവൈലൻസ് എന്നിവയിൽ ഇവർ വിദഗ്ദ്ധരാണ്.

 

ഇന്ത്യയ്ക്കകത്തും രാജ്യാന്തരതലത്തിലും മുൻകൂർ അനുമതികളില്ലാതെ തന്നെ സാങ്കേതിക നിരീക്ഷണം നടത്താൻ അധികാരമുള്ള ഏക ഏജൻസിയാണിത്. ഐഎസ്ആർഒ, ഡിആർഡിഒ, ബാർക് എന്നിവയിൽ നിന്ന് ഡാറ്റ സ്വീകരിച്ച് അത് റോ, ഐ.ബി, ഡി.ഐ.എ തുടങ്ങിയ ഏജൻസികൾക്ക് കൈമാറുന്നത് എൻടിആർഒ ആണ്.

 

റോ

 

ഇന്ത്യയുടെ പ്രധാന വിദേശ രഹസ്യാന്വേഷണ ഏജൻസിയാണ് റോ. ഇന്ത്യയ്ക്ക് പുറത്തുള്ള ഭീഷണികളെ ഹ്യൂമൻ ഇന്റലിജൻസ്, സാങ്കേതിക വിദ്യകൾ എന്നിവയിലൂടെ നിരീക്ഷിക്കുന്നു. വ്യോമ നിരീക്ഷണത്തിനായി ‘ഏവിയേഷൻ റിസർച്ച് സെന്റർ’ , സാങ്കേതിക നിരീക്ഷണത്തിനായി ഇലക്ട്രോണിക്സ് ആന്റ് ടെക്നിക്കൽ സർവീസസ്, റേഡിയോ റിസർച്ച് സെന്റർ എന്നിവ പ്രവർത്തിക്കുന്നു. (റോയ്ക്ക് ഇന്ത്യയ്ക്കകത്ത് ഓപ്പറേഷൻ നടത്തണമെങ്കിൽ ഐബി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെ മുൻകൂർ അനുമതി നിർബന്ധമാണ്).വിദേശ മണ്ണിൽ അതീവ രഹസ്യ സൈനിക ദൗത്യങ്ങൾ നടപ്പാക്കാൻ സ്വന്തമായി പ്രത്യേക സേനയുള്ള ഏക സിവിലിയൻ ഏജൻസിയാണ് റോ. ഇവർ പ്രതിരോധ മന്ത്രാലയത്തിന് കീഴിലല്ല, മറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ക്യാബിനറ്റ് സെക്രട്ടറിയേറ്റിനുമാണ് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത്.

 

ഇന്റലിജൻസ് ബ്യൂറോ

 

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും കൗണ്ടർ-ഇന്റലിജൻസും ഉറപ്പാക്കുന്ന പ്രധാന ഏജൻസി.രാജ്യത്തിനകത്തുള്ള തീവ്രവാദ നീക്കങ്ങൾ, ചാരപ്രവർത്തനങ്ങൾ, ക്രമസമാധാനം എന്നിവ നിരീക്ഷിക്കുന്നു. രാജ്യത്തിനുള്ളിലാണ് പ്രധാന പ്രവർത്തനമെങ്കിലും, റോ, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ മുൻകൂർ അനുമതിയോടെ വിദേശരാജ്യങ്ങളിലും ഓപ്പറേഷനുകൾ ഏകോപിപ്പിക്കാൻ ഐബിക്ക് അധികാരമുണ്ട്.ഡിഫൻസ് ഇന്റലിജൻസ് ഏജൻസി: കര, നാവിക, വ്യോമസേനകളുടെ ഇന്റലിജൻസ് വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ തടയാൻ ഇവർ ആർമി, ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

 

ഭീകരവാദ ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ തടയാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, സിഇഐബി, ഡിആർഐ (DRI) സമാഹരിച്ച് എഐഎ, സിബിഐ എന്നിവർക്ക് കൈമാറുന്നത് ഇവരാണ്.

 

എങ്ങനെയാണ് ഈ ‘ഓപ്പറേഷനുകൾ’ നടപ്പിലാക്കുന്നത്?

 

ഇന്ത്യൻ രഹസ്യാന്വേഷണ ശൃംഖലയുടെ പ്രവർത്തനം കൃത്യമായ ഘട്ടങ്ങളിലൂടെയും ഏകോപനങ്ങളിലൂടെയുമാണ് പൂർത്തിയാകുന്നത്.

 

വിവരശേഖരണം: സാങ്കേതിക വിദ്യ ഉപയോഗിച്ച് എൻടിആർഒ (NTRO), എആർസി (ARC), ഇടിഎസ് (ETS) എന്നിവരും, ഹ്യൂമൻ ചാരന്മാർ വഴി റോ, ഐബി എന്നിവരും വിവരങ്ങൾ ശേഖരിക്കുന്നു.ഏകോപനം: ശേഖരിച്ച വിവരങ്ങൾ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റിന് (NSCS) കൈമാറുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA), ക്യാബിനറ്റ് സെക്രട്ടറി, റോ തലവൻ, ഐബി ഡയറക്ടർ തുടങ്ങിയവർ അടങ്ങുന്ന ‘സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പ്’ ഇത് വിശകലനം ചെയ്യുന്നു.

 

ഓപ്പറേഷൻ എക്സിക്യൂഷൻ: വിശകലനം ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭീഷണി ആഭ്യന്തരമാണെങ്കിൽ എൻഐഎ, സിബിഐ, എക്‌സിക്യൂട്ടിങ് ഏജൻസികൾ, സംസ്ഥാന എടിഎസ് (ATS) എന്നിവർ നടപടിയെടുക്കുന്നു. വിദേശ മണ്ണിലെ സുരക്ഷാ ഭീഷണികളാണെങ്കിൽ കൗണ്ടർ-ടെററിസം ദൗത്യങ്ങളിലൂടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയും അത് നിർവീര്യമാക്കുന്നു.’ഓപ്പറേഷൻ സിന്ദൂർ’, ‘ഓപ്പറേഷൻ ശക്തി’ തുടങ്ങിയ അതീവ സുപ്രധാനവും സങ്കീർണ്ണവുമായ പ്രതിസന്ധികളുടെ ഘട്ടത്തിൽ ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) ആണ് അന്തിമ തീരുമാനങ്ങളെടുക്കുന്നത്.

 

ചുരുക്കത്തിൽ, വെള്ളിത്തിരയിൽ നമ്മൾ കാണുന്ന സ്പൈ സിനിമകളിലെ തമാശകൾക്കും ഫൈറ്റുകൾക്കും അപ്പുറം, രാജ്യത്തിന്റെ അതിർത്തികൾക്ക് വെളിയിലും സുരക്ഷ ഉറപ്പാക്കാൻ രാത്രിയും പകലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഒരു ഭീമൻ ശാസ്ത്രീയ-സൈനിക ശൃംഖല തന്നെ ഇന്ത്യയ്ക്കുണ്ട്.