Headlines

ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷവും

 

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയും വിരുന്നുമാണ് മഴക്കെടുതിയുടെ ഈ നാളുകളില്‍ മുഴച്ചുനിന്ന വിവാദം. വിവാദം കടുത്ത ശേഷം ഇതാദ്യമായി ഇക്കാര്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ ആരോപങ്ങളെ പ്രതിരോധിക്കാന്‍ ന്യായവാദങ്ങള്‍ നിരത്തി. മുഖ്യമന്ത്രിയ്ക്കായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും കളത്തിലിറങ്ങി. വിവാദം വിടാന്‍ പ്രതിപക്ഷം തയാറല്ലെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍.

 

 

ഞാന്‍ ഗുരുതരമായൊരു തെറ്റ് ചെയ്തു. അന്ന് വെള്ളപ്പൊക്കമുണ്ടായ ദിവസം മൂന്ന് മണിക്ക് ഞാന്‍ ഭക്ഷണം കഴിച്ചു. കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. പ്രതിപക്ഷ നേതാവിന്റെ അന്നത്തെ പത്ര സമ്മേളനത്തില്‍ എന്തൊക്കെയായിരുന്നു വിഷയമായത്. ഇതല്ലല്ലോ. പിഎം ശ്രീ, പുനര്‍ജനി, വേറെ കാര്യമൊക്കെയല്ലേ അദ്ദേഹം പറഞ്ഞത്. ഞാന്‍ ഭക്ഷണം കഴിച്ചു എന്നതായിരുന്നു തെറ്റ്. അന്നത്തെ ദിവസം അദ്ദേഹം ഇവിടെ വന്നിരുന്ന് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ശരിയാണ്. മുഖ്യമന്ത്രിയ്ക്ക് ഭക്ഷണം കഴിച്ചാലെന്താ. എന്നാല്‍ അതല്ല പ്രശ്‌നം. ശനിയാഴ്ചയാണ് മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. അന്നായിരുന്നു ഇടുക്കിയിലേയും കോട്ടയത്തേയും ഉരുള്‍പ്പൊട്ടല്‍. റാന്നിയിലും ആറന്മുളയിലും വെള്ളം കയറിയത്. ജനം പരിഭ്രാന്തരായത്. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന് പകരം സ്വകാര്യവിരുന്നിന് പോയത് അനുചിതമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. അന്ന് മഴക്കെടുതിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് ബ്രീഫ് ചെയ്യുമെന്ന നിസംഗസമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്.

 

മുഖ്യമന്ത്രിയുടെ ഈ സമീപനത്തിലാണ് പ്രശ്‌നം. ഭാര്യാ പിതാവിനെ കാണാന്‍ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയെന്നാണ് ഹെലികോപ്റ്റര്‍ യാത്രാ വിവാദം. ഇന്‍വെസ്റ്ററെ കാണാനുള്ള ഔദ്യോഗിക യാത്രയെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ പോയത് കൊച്ചിയിലുണ്ടായിരുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാന്‍ വേണ്ടിയാണ്. രാത്രി ഡിന്നര്‍ മീറ്റിംഗിന് കാണാമെന്നാണ് പറഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് അവര്‍ കൊച്ചിയില്‍ വന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി കണ്ടിട്ടും ഞാന്‍ കാണാതെ പോയാല്‍ അത് പിന്നീടൊരു ആക്ഷേപമാകും. അതുകൊണ്ടാണ് ഹെലികോപ്റ്ററില്‍ പോയത്. ഞാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ ഒരു രൂപ പോലും സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു. ഏതാണ് ഇന്‍വെസ്റ്റര്‍ എന്ന ചോദ്യത്തിന് മറുപടിയില്ല. ഇനിയിപ്പോള്‍ അവരുടെ പേര് പറഞ്ഞിട്ട് അതുകൂടി ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമമാണോ എന്നായിരുന്നു മറുചോദ്യം.

 

ഈ മറുപടി പ്രതീക്ഷിച്ചതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ഹെലികോപ്റ്ററിന്റെ പേരില്‍ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്‍ വിമര്‍ശിച്ചതും പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

മഴക്കെടുതിയില്‍ പൊറുതിമുട്ടുകയാണ് പൊതുജനം. കൈത്താങ്ങും സഹായങ്ങളുമാണ് ദുരിതക്കയത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യം. പ്രതിസന്ധികാലത്ത് ഒന്നിച്ചിറങ്ങുന്ന കേരളത്തെയാണ് മുമ്പെല്ലാം കണ്ടത്. ഇനിയും അങ്ങനെയാകട്ടെ.