അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിയെത്തിയവരെ മറക്കാതെ യൂസഫലി; സഹായിച്ചവരെ തേടിയെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തെ കാണാന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി എത്തി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, ഇയാളുടെ ഭാര്യയും പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എവി ബിജിയുമാണ്. ഇവരുടെ വീട്ടിലെത്തിയാണ് യൂസഫ് അലി നന്ദി അറിയിച്ചത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയായ പീറ്ററിന്റെ കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു.

ഏപ്രില്‍ പതിനൊന്നിനായിരുന്നു യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. യൂസഫലിയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ഇവരുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. സാങ്കോതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിയെത്തിയ ബിജിയും ഭര്‍ത്താവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യൂസഫലിക്കും കുടുംബത്തിനും പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു.യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരുമടക്കം ആറുപേരായിരുന്നു ഹെലികോപ്റ്റരിലുണ്ടായിരുന്നത്.

അപകടമറിഞ്ഞയുടന്‍ പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിലിറക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലാന്‍ഡിംഗിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് നില്‍ക്കുന്ന ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടര്‍ വീഴ്ചയുടെ ആഘാതത്തില്‍ ഹെലികോപ്റ്ററിന്റെ പ്രധാന ഭാഗം ചതുപ്പില്‍ താഴ്ന്നു പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്റ്ററിന്റെ വിന്‍ഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് പുറത്തിറക്കിയത്.