ഹരിപ്പാട് ∙ ആദ്യം വലതുകണ്ണിൽ ഇരുട്ടു വീഴ്ത്തിയ പ്രമേഹം പിന്നീട് ഇടതുകാലുമെടുത്തു; എന്നിട്ടും തോൽക്കാതെ രോഗങ്ങളോടു സമരം ചെയ്തു നേടിയ ജീവിതവുമായി പൊതുപ്രവർത്തനരംഗത്തു സജീവമായ എസ്.ദീപുവിന്റെ പോരാട്ടം ഇനി നിയമവഴിയിൽ. ശാരീരിക പരിമിതികളെ അതിജീവിച്ച് നിയമബിരുദം സ്വന്തമാക്കിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എസ്.ദീപു (48) ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്തു. 2015ൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണു ദീപുവിന്റെ ജീവിതത്തിൽ രോഗം ഇരുൾ പരത്തിയത്. പ്രമേഹത്തെത്തുടർന്ന് കണ്ണിലേക്കുള്ള രക്ത പ്രവാഹം കുറഞ്ഞതിനാൽ 36–ാം വയസ്സിൽ ആദ്യം വലതുകണ്ണിന്റെയും അധികം വൈകാതെ ഇടതു കണ്ണിന്റെയും കാഴ്ച നഷ്ടമായി. നേരിയ നിഴൽ പോലെയാണ് അന്ന് എല്ലാം കണ്ടിരുന്നതെന്ന് ദീപു പറയുന്നു.ദീപുവിന്റെ കാഴ്ച നഷ്ടമായ വിവരം അധികമാർക്കും അറിയില്ലായിരുന്നു. കണ്ടിട്ടും മിണ്ടിയില്ലെന്നു പലരും പരാതി പറഞ്ഞു. മൂന്നു ശസ്ത്രക്രിയകൾ നടത്തിയിട്ടും വലതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയില്ല. ഇടതുകണ്ണിന്റെ കാര്യത്തിലും പ്രതീക്ഷ വേണ്ടെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ദീപു ശസ്ത്രക്രിയയ്ക്കു തയാറായി. 2019ൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇടതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടി. ആ വെളിച്ചത്തിൽ ദീപു വീണ്ടും പൊതുപ്രവർത്തനരംഗത്തു സജീവമായി. 2020 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനിടെയായിരുന്നു അടുത്ത പ്രതിസന്ധിയെത്തിയത്. നിശ്ശബ്ദമായെത്തിയ ഹൃദയാഘാതം മൂലം കാലിലേക്കുള്ള രക്തയോട്ടം നിലച്ചു. മാസങ്ങൾ നീണ്ട ആശുപത്രിവാസത്തിനിടെ കാലിൽ 4–5 ശസ്ത്രക്രിയകൾ. ഒടുവിൽ വലതുകാൽ മുട്ടിനു താഴേക്കു മുറിച്ചുമാറ്റേണ്ടിവന്നു.
അവിടെയും അവസാനിച്ചില്ല, ഹൃദയത്തിലെ തടസ്സങ്ങൾ നീക്കാൻ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തിയാണു ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. 2022ൽ കൃത്രിമക്കാലിലേറി ദീപു വീണ്ടും ആലപ്പുഴയിൽ സജീവമായി. 2011ൽ തിരുപ്പതിയിലെ അംബേദ്കർ ഗ്ലോബൽ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ എൽഎൽബിക്കു ചേർന്നെങ്കിലും രോഗങ്ങൾ മൂലം പഠനം മുടങ്ങിയിരുന്നു. രണ്ടു വർഷം മുൻപ്, മുടങ്ങിയ പ ഠനം വീണ്ടും തുടങ്ങി. ശരീരത്തിന്റെ പരിമിതികളെയും പൊതുപ്രവർത്തനത്തിന്റെ തിരക്കുകളെയും അതിജീവിച്ചു നിന്ന് നിയമ ബിരുദം നേടി.ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ദീപു 10 വർഷമായി സ്ഥാന യുവജനക്ഷേമ ബോർഡ് അംഗമാണ്. 13 വർഷം തുടർച്ചയായി യൂത്ത് കോൺഗ്രസ് ജില്ലാ, ലോക്സഭാ മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റായി പ്രവർത്തിച്ച റെക്കോർഡും ദീപുവിന് സ്വന്തം. ടി.സിദ്ദീഖ്, എം.ലിജു, പി.സി.വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എന്നിവർ സംസ്ഥാന പ്രസിഡന്റുമായിരുന്നപ്പോഴാണു ദീപു ജില്ലാ പ്രസിഡന്റായിരുന്നത്. മന്ത്രി രമേശ് ചെന്നിത്തല ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ച സബർമതി സ്പെഷൽ സ്കൂളിന്റെ സിഇഒ എന്ന നിലയിൽ ജീവകാരുണ്യ മേഖലയിലും സജീവം.






