140 കോടി വരുന്ന സ്വന്തം പൗരന്മാരെ മുൻനിര ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകളും മൊബൈൽ നെറ്റ്വർക്കുകളും ദേശീയ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് ചൈനീസ് ഭരണകൂടം കർശനമായി നിരീക്ഷിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ, ഈ ഭീമൻ ചാരശൃംഖലയുടെ നിരീക്ഷണം രാജ്യത്ത് എത്തുന്ന വിദേശികളുടെ വീടുകളിലേക്കും വ്യക്തിജീവിതത്തിലേക്കും ഒരുപോലെ നീളുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സൈബർ സെക്യൂരിറ്റി ഗവേഷകനും മുൻ വിദേശ മാധ്യമപ്രവർത്തകനുമായ മാർക്ക് ഹോഫർ യാദൃച്ഛികമായി കണ്ടെത്തിയ ഒരു രഹസ്യ വെബ്സൈറ്റിലൂടെയാണ് വിദേശികളെ ലക്ഷ്യമിട്ടുള്ള ചൈനയുടെ നിരീക്ഷണ സംവിധാനത്തിന്റെ യഥാർഥ വ്യാപ്തി ലോകമറിഞ്ഞത്.
∙ സ്വന്തം ചിത്രം കണ്ട് ഞെട്ടി മുൻ മാധ്യമപ്രവർത്തകൻ
ചൈനീസ് ഭരണകൂടം സ്വന്തം ജനങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നുവെന്ന് പഠിക്കാൻ വർഷങ്ങളായി ഇന്റർനെറ്റിൽ തിരച്ചിൽ നടത്തുന്നയാളാണ് മാർക്ക് ഹോഫർ. എന്നാൽ അടുത്തിടെ ഒരു സാധാരണ വെബ്സൈറ്റിലേക്ക് പ്രവേശിച്ച ഹോഫർ ഞെട്ടിപ്പോയി. സ്വന്തം ഫോട്ടോ, പാസ്പോർട്ട് നമ്പർ, വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ എന്നിവ ആ വെബ്സൈറ്റിലെ ഡേറ്റാബേസിൽ രേഖപ്പെടുത്തിയിരിക്കുന്നു!ഈ ഡേറ്റാബേസിൽ ആകെ 12,000-ഓളം രേഖകളാണ് ഉള്ളത്. നഗരത്തിൽ താമസിക്കുന്ന 700-ലധികം വിദേശികളുടെ അതീവ രഹസ്യ വിവരങ്ങൾ ഇതിലുണ്ട്. തീവ്രവാദ നിരീക്ഷണ പട്ടികയിലുള്ളവർ, ഹോങ്കോങ്, തായ്വാൻ സ്വദേശികൾ, ചൈന സന്ദർശിച്ചിട്ടുപോലുമില്ലാത്ത 300-ഓളം വിദേശ മാധ്യമപ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ അതിൽ ഉൾപ്പെടുന്നു.
ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, ആശുപത്രി രേഖകൾ, പാചകവാതക ഇടപാടുകൾ, വിമാന-ട്രെയിൻ ടിക്കറ്റുകൾ (സീറ്റ് നമ്പർ അടക്കം) എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ചാണ് ഓരോ വിദേശിയുടെയും ദൈനംദിന ജീവിതം ഇവർ നിരീക്ഷിക്കുന്നത്. വിദേശികൾ ഏത് സമയത്താണ് ഡോക്ടറെ കാണാൻ പോയത്, എവിടെയൊക്കെ യാത്ര ചെയ്തു, ഗ്യാസ് ബില്ലായി എത്ര തുക നൽകി എന്നതുവരെ ഈ സംവിധാനത്തിൽ തത്സമയം രേഖപ്പെടുത്തിയിരുന്നു.∙ സുരക്ഷയില്ലാത്ത വൻ വിവരശേഖരം
സംവിധാനം പ്രവർത്തിപ്പിച്ചിരുന്നവർക്ക് ചൈനീസ് സർക്കാരിന്റെ യഥാർഥ ഡേറ്റാബേസുകളിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടായിരുന്നുവെന്ന് ഹോഫർ സ്ഥിരീകരിച്ചു. പ്രദേശത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇതിലേക്ക് ലോഗിൻ ചെയ്തതിന്റെ രേഖകളും ഉണ്ടായിരുന്നു. ഇത് വിദ്യാർഥികളോ അധ്യാപകരോ ഉണ്ടാക്കിയ വ്യാജ സൈറ്റല്ല മറിച്ച് വിശ്വസനീയമായ പൊലീസിന്റെ നിരീക്ഷണ ടൂളാണെന്ന് ഹോഫർ തിരിച്ചറിഞ്ഞു. തുടർന്ന് വെബ്സൈറ്റിലെ പരമാവധി ഡേറ്റ അദ്ദേഹം ഡൗൺലോഡ് ചെയ്തെടുത്തു. മേയ് മാസത്തോടെ ഈ വെബ്സൈറ്റ് ഇന്റർനെറ്റിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായി.അടങ്ങിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിദ്യാർഥികളാണ്. കേവലം പേരും വിലാസവും മാത്രമല്ല ഇവർ ശേഖരിച്ചിരുന്നത്. വിദ്യാർഥികളുടെ മതം, വിവാഹിതരാണോ അല്ലയോ, പഠിക്കുന്ന വിഷയം എന്നിവയ്ക്ക് പുറമേ, യൂണിവേഴ്സിറ്റി ക്യാംപസിലേക്ക് ഇവർ പ്രവേശിക്കുന്ന തത്സമയ സിസിടിവി ദൃശ്യങ്ങളും സമയവും വരെ വളരെ കൃത്യമായി ഈ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിരുന്നു.
ചൈനയിൽ ജീവിക്കുന്ന വിദേശികളുടെ ഓരോ ചലനങ്ങളും ഭയാനകമായ രീതിയിൽ സർക്കാർ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് ചൈനീസ് ഔദ്യോഗിക നിലപാടെങ്കിലും, സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ച് വലിയ ആശങ്കയാണ് രാജ്യാന്തര തലത്തിൽ ഇത് ഉയർത്തുന്നത്.







