കൊല്ലം ∙ ഒന്നര പതിറ്റാണ്ട് മുൻപു പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസിൽ എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാം വീട്ടിൽ ഷമീമയ്ക്ക് (43) 3 വർഷം തടവും 5,000 രൂപ പിഴയും. കേസിലെ രണ്ടാം പ്രതി മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സുനിൽ ദാസ് (38) കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും വിധി പറയുന്നതിന്റെ തലേന്ന് ഒളിവിൽ പോയതിനാൽ ശിക്ഷ വിധിച്ചിട്ടില്ല. ഷമീമയുടെ ഭർത്താവ് ഉൾപ്പെടെ 3 പ്രതികളെ കോടതി വിട്ടയച്ചു. ഒന്നാംപ്രതി മയ്യനാട് ആക്കോലിൽ വീട്ടിൽ പ്രകാശ് ലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട 9 കേസുകളിൽ ആദ്യ വിധിയാണ് ഇത്. മറ്റു കേസുകളിൽ വിചാരണ നടന്നു വരുന്നു.നാലാംപ്രതി ഇരവിപുരം ആക്കോലിൽ വയലിൽ പുത്തൻവീട്ടിൽ അജിത്, അഞ്ചാംപ്രതി ഇരവിപുരം വാളത്തുംഗൽ മമതയിൽ അനീഷ് ഗോപിനാഥ്, ഷമീമയുടെ ഭർത്താവും ഏഴാം പ്രതിയുമായ മയ്യനാട് താഴത്തു ചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാം വീട്ടിൽ ഷാജി എന്നിവരെയാണ് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി–രണ്ട് ജഡ്‌ജി ലക്ഷ്‌മി ശ്രീനിവാസ് വിട്ടയച്ചത്. 8 പ്രതികളുള്ള കേസിൽ ഒന്നാം പ്രതി പ്രകാശ് ലാൽ, മൂന്നാം പ്രതി ഇരവിപുരം വാളത്തുംഗൽ ശ്രീശരവണ നഗർ 189ൽ രജീഷ് എന്നിവർ വിചാരണ വേളയിൽ ജീവനൊടുക്കിയിരുന്നു. ആറാം പ്രതി വാളത്തുംഗൽ സുരേഷ് ഭവനിൽ സതീഷ് ബാബു കോടതിയിൽ ഹാജരാകാത്തതിനാൽ വിധി പറഞ്ഞിട്ടില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുനിൽ ദാസ്, സതീഷ് ബാബു എന്നിവർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.കോടതിയിൽ 20 സാക്ഷികളെ വിസ്തരിച്ചു. 80 രേഖകളും 2 ഫോണും തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാലത്തറ വിനു കരുണാകരൻ, എസ് ഷെഹസാദ്, ആർച്ച ലാൽ, എസ് അഭിനവ് എന്നിവർ ഹാജരായി. കോട്ടയത്ത് യുപി സ്കൂൾ അധ്യാപക തസ്തികയിലേക്ക് 2010 മേയിൽ പിഎസ്‌സി നടത്തിയ പരീക്ഷയിലാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.









