കറാച്ചി ∙ ബോളിവുഡ് സിനിമയായ ധുരന്ധറിൽ പരാമർശിക്കുന്ന പാക്കിസ്ഥാനിലെ അധോലോക നേതാവ് ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂച് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച വൈകുന്നേരം കറാച്ചിയിലെ ലിയാരി മേഖലയിലെ സിംഗു സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്.വീടിന് പുറത്ത് ഇരിക്കുകയായിരുന്ന സുബൈറിന് നേരെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും മാരകമായി വെടിയേറ്റ സുബൈറിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കറാച്ചിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിൽ സുബൈറിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സമീപത്തെ കടയുടമ തിരിച്ച് വെടിവച്ചതോടെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിവയ്പ്പിന്റെ സിസിടിവി ദൃശ്യങ്ങൾ ടെലിഗ്രാം ചാനലുകൾ വഴി പുറത്തുവന്നതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.2012ൽ നിരവധി ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സുബൈർ ബലൂച്ച് കഴിഞ്ഞ വർഷമാണ് ജയിൽ മോചിതനായത്. 2009ൽ റഹ്മാൻ ഡാക്കൈറ്റ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ബന്ധുവായ ഉസൈർ ബലൂച് സംഘത്തിന്റെ തലവനാകുന്നത്. ഉസൈർ ബലൂച് നിലവിൽ ജയിലിലാണ്.







