രാജ്യാന്തര വിപണികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആശങ്കയ്ക്കിടെ ഇറാനിലെ ഊർജ കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം നടത്താൻ ഇസ്രയേൽ-യുഎസ് സംയുക്തനീക്കം. ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കനത്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായി വിവരം. തിങ്കളാഴ്ച ഓഹരി വിപണികൾ അടക്കം തുറക്കുന്നതിനു മുൻപ് ആക്രമണം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നത്. ഇറാൻ ആക്രമണത്തിന്റെ ആഘാതം വിപണികളിലേക്ക് പടരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ദിവസം ക്യാംപ് ഡേവിഡിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. ട്രംപിനെ കണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയം.
അതേസമയം, യുഎസ്-ഇസ്രയേൽ ആക്രമണമുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ പ്രതികരണം. അത്തരമൊരു നീക്കം ഭ്രാന്തൻ തീരുമാനമായിരിക്കുമെന്നും ഇരുരാജ്യങ്ങളുമായും ബന്ധമുള്ള ഊർജ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്തുമെന്നാണ് ഇറാന്റെ നിലപാട്. ഇതിനായുള്ള തയാറെടുപ്പുകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അമേരിക്കൻ നീക്കം ഹോർമുസ് വഴിയുള്ള കപ്പൽ നീക്കത്തെ കൂടുതൽ ബാധിക്കുമെന്നും ഇറാൻ പറയുന്നു.അടുത്ത ദിവസങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ യുഎസ് അധികൃതരും ഞെട്ടലിലാണ്. യുദ്ധത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാൻ ഇറാൻ നടത്തുന്ന ശ്രമങ്ങളാണ് യുഎസിനെ ആശ്ചര്യപ്പെടുത്തുന്നത്. ജോർദാനിലെ യുഎസ് കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇതിന്റെ ഉദാഹരണമാണെന്നാണ് അമേരിക്കൻ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ട്രംപിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും നിർണായകമാകും.
ക്രൂഡോയിൽ കയറ്റത്തിൽ
അതിനിടെ ക്രൂഡോയിൽ വില കയറ്റത്തിലാണ്. ബ്രെന്റ് ക്രൂഡോയിൽ 1.21% കയറി 87.93 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ക്രൂഡ് 84.67 ഡോളറിലെത്തി. യുഎഇയുടെ മർബൻ ക്രൂഡ് 84.67 ഡോളറിലാണ്. ഹോർമുസ് കടലിടുക്കിൽ കൂടുതൽ കപ്പലുകളെ തടഞ്ഞു തിരിച്ചയച്ചെന്ന ഇറാന്റെ പ്രഖ്യാപനമാണ് വിലയെ ബാധിച്ചത്. ഇത് രാജ്യാന്തര എണ്ണവ്യാപാരത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് വിപണി. ‘എണ്ണയുദ്ധം’ ചെങ്കടലിലേക്കു കൂടി നീങ്ങിയതും തിരിച്ചടിയായി. മാർച്ചിനു ശേഷം ഇക്കൊല്ലം എണ്ണവില ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മാസമാണ് കടന്നു പോയത്. ബ്രെന്റ് 24 ശതമാനവും ഡബ്ല്യുടിഐ 21 ശതമാനവും ജൂലൈയിൽ ഉയർന്നു.
ജൂലൈ രക്ഷിച്ചു
∙ഓഹരി വിപണിക്ക് ‘ജൂലൈ’ മികച്ച മാസമാകുമെന്ന നിക്ഷേപകരുടെ വിശ്വാസം ശരിയായി. നിഫ്റ്റി 2.2 ശതമാനവും സെൻസെക്സ് 2.1 ശതമാനവും നേട്ടത്തിലാണ് ജൂലൈയിലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ 19 തവണയും ഇരു സൂചികകളും ജൂലൈയിൽ മികച്ച നേട്ടമുണ്ടാക്കിയതായി കണക്ക്.
∙ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ കമ്പനികളുടെ മികച്ച പാദഫലങ്ങൾ, വിദേശ നിക്ഷേപകരുടെ തിരിച്ചു വരവ്, യുഎസ് അടക്കമുള്ള വിപണികളിലെ എഐ മേഖലയിലെ വിൽപന എന്നീ കാരണങ്ങളാണ് വിപണിയെ നേട്ടത്തിലാക്കിയത്.
∙ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 474 ലക്ഷം കോടി രൂപയിൽ നിന്ന് 486 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു മാസം കൊണ്ട് നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 12 ലക്ഷം കോടി രൂപയോളം. ജൂണിലും വിപണി മുന്നേറിയിരുന്നു. ഇതാദ്യമാണ് 2026ൽ തുടർച്ചായ രണ്ടു മാസങ്ങളിൽ വിപണി നേട്ടമുണ്ടാക്കുന്നത്.
∙ഇന്ത്യയുടേതിനു സമാനമായ മറ്റ് ‘എമേർജിങ് വിപണി’കളിൽ ആർട്ടിഫിഷ്യൽ മേഖലയിൽ വലിയ വിൽപന നടന്നിരുന്നു. ഇത് ജൂൈലയുടെ അവസാന ദിനങ്ങളിൽ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിച്ചു. ഇറാൻ യുദ്ധത്തിനു ശേഷം ഇന്ത്യൻ വിപണിയിൽ അറ്റ വിൽപനക്കാരായിരുന്ന വിദേശ നിക്ഷേപകർ വീണ്ടും അറ്റ വാങ്ങലുകാരായി.
വിറ്റതും രൂപയ്ക്ക് പിന്തുണയേകി. ഡോളറിനെതിരെ 95.39 എന്ന നിലയിലാണ് രൂപയുടെ ക്ലോസിങ്. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് രൂപ നേട്ടത്തിലെത്തുന്നത്. ഒരാഴ്ചയ്ക്കിടെ ഒരു ശതമാനം കുതിച്ചു. മാർച്ചിനു ശേഷം ഇത്തരമൊരു ആഴ്ച ഇതാദ്യം.









