വടകര ∙ ഒരു വീട്ടിൽ 3 വാഹന മോഷണം എന്ന പരാതി പൊലീസ് അന്വേഷണം നടത്തവേ കഥ മാറി. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ ബിഎംഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്ടിവ സ്കൂട്ടറും മോഷണം പോയെന്നായിരുന്നു പരാതി. എന്നാൽ, ഡിവൈഎസ്പി കെ.സനൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം തുടങ്ങി ഏറെക്കഴിയും മുൻപ് വീട്ടുകാർ പരാതിയില്ലെന്ന നിലപാടിലായി. ഇവരുമായി ബന്ധപ്പെട്ടയാൾ തന്നെയാണു മോഷണത്തിനു പിന്നിലെന്നു വ്യക്തമായതിനെ തുടർന്നാണിത്.ഇന്നലെ പുലർച്ചെ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് നശിപ്പിച്ച്, ലോക്കർ തുറന്ന് വാഹനങ്ങളുടെ താക്കോൽ എടുത്തായിരുന്നു മോഷണം. ഓട്ടമാറ്റിക് ഗേറ്റ് റിമോട്ട് ഉപയോഗിച്ചു തുറന്നാണു മോഷ്ടാക്കൾ അകത്തു കടന്നത്. വീട്ടിനകത്തായിരുന്നു ബൈക്ക്. മറ്റു 2 വാഹനങ്ങൾ പുറത്തും. ഇവിടെയുണ്ടായിരുന്ന മറ്റൊരു കാർ ബാറ്ററി തകരാർ കാരണം സ്റ്റാർട്ട് ആകാത്തതിനാൽ കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഇതിന്റെ താക്കോൽ കാറിൽനിന്നു കിട്ടി.വീട്ടിൽ ആരുമില്ലാത്തപ്പോഴായിരുന്നു കവർച്ച. ഇന്നലെ വീട്ടുകാർ എത്തിയപ്പോഴാണു വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. വീട്ടിൽ കുതിരയെ പരിപാലിക്കുന്ന അതിഥിത്തൊഴിലാളി ഉണ്ടായിരുന്നു. പുലർച്ചെ വീട്ടിൽ ഒരു വാഹനം വന്നതായി ഇയാൾ പറഞ്ഞു. പതിവായി വരുന്ന ബന്ധുക്കളാണെന്നു കരുതി പുറത്തു വന്നില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. പൊലീസ് അന്വേഷണത്തിൽ റോഡരികിലെ ക്യാമറയിൽ പതിഞ്ഞ ബന്ധുവിന്റെ ചിത്രം കണ്ടപ്പോഴാണ് വീട്ടുകാർ കേസിൽനിന്നു പിൻവാങ്ങിയത്.






