Headlines

പഞ്ചസാര വില ‘കയ്ക്കുന്നു’; കിലോയ്ക്ക് 50 രൂപ കടന്നു, ബേക്കറി സാധനങ്ങൾക്ക് വില കൂടും

 

തൊടുപുഴ ∙ പഞ്ചസാര വില വർധിച്ചതോടെ ബേക്കറി വ്യാപാരികൾക്ക് ഇനി കയ്പേറിയ ദിനങ്ങൾ. പഞ്ചസാര വില കിലോയ്ക്ക് 50 രൂപ കടന്നതോടെ പലഹാരങ്ങൾക്ക് വില വർധിപ്പിക്കാതെ നിവർത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പാചകവാതക വിലവർധന ഏൽപിച്ച ആഘാതത്തിനു പുറമേ പഞ്ചസാര വില വർധനയും ബേക്കറി വ്യവസായത്തിനു കനത്ത പ്രഹരമായി. ബേക്കറി പലഹാരങ്ങളിൽ പ്രധാനഘടകമായ മുട്ടയ്ക്ക് വില 8 രൂപ കടന്നതും പ്രതിസന്ധിയായി.അത്ര ഹാപ്പിയാകില്ല ബർത്ത്ഡേ

പഞ്ചസാരയും മുട്ടയും ധാരാളം ആവശ്യമുള്ള കേക്കുകൾക്ക് വില ഉയർത്താതെ പിടിച്ചു നിൽക്കാനാകില്ലെന്നു വ്യാപാരികൾ. ജന്മദിനങ്ങൾ ഉൾപ്പെടെ ഏത് ആഘോഷങ്ങൾക്കും കേക്കുകൾ ഒഴിവാക്കാനാകില്ല. ചെറിയ ആഘോഷങ്ങൾക്കു പോലും ചെലവേറുന്നത് സാധാരണക്കാരെ ബാധിക്കും. കേക്കിനു പുറമേ ആഘോഷാവസരങ്ങളിൽ ഉപയോഗിക്കുന്ന ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങി മിക്ക ബേക്കറി ഉൽപന്നങ്ങൾക്കും പഞ്ചസാരയും മുട്ടയും അവശ്യ ഘടകങ്ങളായതിനാൽ നിർമാണ ചെലവും അതിന് ആനുപാതികമായി വിലയും ഉയരും.മുട്ട തന്നത് 8 ന്റെ പണി

ആറര മുതൽ ഏഴു രൂപയ്ക്കു വരെ ലഭിച്ചിരുന്ന മുട്ടവില 8 കടന്നത് വളരെ പെട്ടെന്നാണ്. കോഴിത്തീറ്റയുടെ വില 500 രൂപയോളം വർധിച്ചതാണ് ഒരു കാരണം. നിലവിൽ 50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപയോളം നൽകണം. തമിഴ്നാട്ടിൽ നിന്നുള്ള മുട്ട വരവ് കുറഞ്ഞതും കാരണമായി പറയുന്നുണ്ട്. തമിഴ്നാട്ടിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ 5 ദിവസവും മുട്ട നൽകുന്നുണ്ട്. ഇതിനു മാത്രം ദിവസം 60 ലക്ഷത്തോളം മുട്ട വേണ്ടി വരും. തമിഴ്നാട്ടിലെ മുട്ട ഗ്രാമമായ നാമക്കലിൽ മാത്രം ദിവസേന 5 കോടി മുട്ട ഉൽപാദിപ്പിച്ചിരുന്നത് ഇപ്പോൾ 15% കുറവു വന്നു. കടുത്ത ചൂടാണ് കാരണം. ഇതിന് ആനുപാതികമായി കേരളത്തിലേക്കുള്ള മുട്ട വരവും കുറഞ്ഞു.

 

‘ഇ20’ കേക്ക് വില കൂട്ടുമോ?

ഇന്ത്യയിൽ കരിമ്പ് കൃഷിയിലും പഞ്ചസാര ഉൽപാദനത്തിലും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശും തൊട്ടു പിന്നിൽ മഹാരാഷ്ട്രയും കർണാടകയുമാണ്. പെട്രോളിൽ എഥനോൾ കലർത്തി തുടങ്ങിയതോടെ എഥനോൾ നിർമാണത്തിന് പ്രാധാന്യം നൽകി തുടങ്ങിയതാണ് പഞ്ചസാര ലഭ്യത കുറച്ചതും വില വർധനയ്ക്ക് കാരണമായതുമെന്നാണ് പഞ്ചസാര മൊത്ത വ്യാപാരികൾ പറയുന്നത്. ഇപ്പോൾ എഥനോൾ ഉൽപാദനത്തിലും ഈ സംസ്ഥാനങ്ങൾ തന്നെയാണ് മുന്നിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കരിമ്പ് ജ്യൂസ് എഥനോൾ നിർമാണത്തിനായി നീക്കിവയ്ക്കുമ്പോൾ പഞ്ചസാര ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവിൽ കുറവുണ്ടാകുകയാണ്.