Headlines

സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗം; പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി

 

സിജെപി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് പ്രതികരിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. സമരം അക്രമാസക്തമായിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

 

 

പ്രതിഷേധിക്കുന്നവരോട് അക്രമം പാടില്ല എന്നതിനോട് യോജിക്കുന്നു. എന്നാല്‍, അസാധാരണ സാഹചര്യങ്ങളില്‍ സേനയ്ക്ക് ചില പ്രതികരണങ്ങള്‍ നടത്തേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. പെല്ലറ്റ് പ്രയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കേണ്ടി വരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊലീസ് പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ചട്ടങ്ങളെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളെയും കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിക്കൊണ്ട്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു.അതേസമയം, ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയുമായി സിആര്‍പിഎഫ് തലവന്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് ഉത്തരവാദി താനായിരിക്കുമെന്ന് സിആര്‍പിഎഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇടപെട്ടതെന്നാണ് സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

 

വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് തോക്കുള്‍ ഉപയോഗിച്ച് ആക്രമണം നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ പിന്തുണച്ചുകൊണ്ട് സിആര്‍പിഎഫ് മേധാവി രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഭയക്കാതെ പ്രവര്‍ത്തിക്കണമെന്നും ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സേനയുടെ ബഹുമതിദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ഏത് ഏജന്‍സി അന്വേഷിച്ചാലും ഭയപ്പെടാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം തന്റെ സേനാംഗങ്ങളോട് പറഞ്ഞു.