Headlines

പടനയിച്ചവര്‍..കൂടെനിന്നവര്‍; സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളുമുണ്ടായിരുന്നു. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടക്കം മുതല്‍ തന്നെ സിജെപിക്കൊപ്പം ജന്തര്‍മന്തറില്‍ ഉണ്ടായിരുന്നതും നമ്മള്‍ കണ്ടു. പാറ്റകളുടെ ഐതിഹാസിക സമരത്തില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

 

 

സിജെപിയുടെ സമരം ജൂണ്‍ 20ന് ജന്തര്‍മന്തറില്‍ ആരംഭിച്ചപ്പോള്‍ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ പോലുള്ളവര്‍ മടിച്ചുനിന്ന ഇടത്തേക്കാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ യാതൊരു മടിയും ഇല്ലാതെ കടന്നുവന്നത്. സിജെപിക്ക് പിന്നില്‍ ആരെന്നതല്ല മറിച്ച് അവര്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് ആയിരുന്നു എസ്എഫ്‌ഐ പോലുള്ള ഇടത് സംഘടനകളുടെ പിന്തുണ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജിയും എന്‍ടിഎ പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഉയര്‍ത്തിയതായിരുന്നു. ഇതോടെയാണ് ജന്തര്‍മന്തറിലെ സിജെപി സമരവേദിയില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളും ഇരിപ്പിടം ഉറപ്പിച്ചത്.സമരവേദിക്ക് സമീപം ഇടത് വിദ്യാര്‍ഥി സംഘടനകളും അവരുടെതായ സമരവേദികള്‍ ഒരുക്കി. ക്രാന്തി കോര്‍ണര്‍ എന്ന പേരിലായിരുന്നു എസ്എഫ്‌ഐയുടെ സമരപന്തല്‍. എഐഎസ്എഫ് സമരവേദിയില്‍ ലൈബ്രറി ഒരുക്കി. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും സ്വാതന്ത്ര്യസമര പോരാളികളുടെയും ഡോ. ബി ആര്‍ അംബേദ്കറുടേയും പുസ്തകങ്ങള്‍ ആയിരുന്നു കൂടുതലും. അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം നല്‍കിക്കൊണ്ട് ഐസ വിദ്യാര്‍ത്ഥി സംഘടനയിലെ നാല്‌പേരും നിരാഹാരമിരുന്നു.ഇതോടെ ഡല്‍ഹിയിലെ ക്യാമ്പസുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ സമരവേദിയിലേക്ക് എത്തി.

 

സോനം വാങ്ചുകിനെ പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി. ആ ദിവസം ആ സമയം വാസ്തവത്തില്‍ അവിടെ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഇടത് വിദ്യാര്‍ഥി സംഘടനകളിലെ പ്രതിനിധികള്‍ ആയിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജിയും ഐഷി ഗോഷും നിരാഹാരം ഇരുന്നു. പ്രതിഷേധത്തിന്റെ രൂപം തന്നെ മാറി. നാനാദിക്കില്‍ നിന്ന് യുവാക്കള്‍ ജന്തര്‍മന്തര്‍ എന്ന ഒറ്റ ലൊക്കേഷനില്‍ ഒത്തുകൂടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ വിജയം കണ്ട സിജെപിയുടെ സമരത്തില്‍ ഇവിടെയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് അടയാളപ്പെടുത്തുക.